ഓർമ്മകൾ വാഴുന്ന കോവിലായി അനന്ത പദ്മനാഭ ക്ഷേത്രം

ഹരികൃഷ്ണൻ.ആർ

വൃക്ഷ നിബിഡമായിരുന്ന തിരുവനന്തപുരം ഒരിക്കൽ ഇവിടെ ഉണ്ടായിരുന്നു . കാറ്റിനും മണ്ണിനും ഓരോ സുഗന്ധം പൊഴിക്കുന്ന അനന്ത പദ്മനാഭൻ്റെ മണ്ണ്.
ഇവിടെ കുയിൽ പാട്ടിന് പോലും സ്വാതി തിരുന്നാൾ സംഗീതത്തിൻ്റെ മധുരം ആയിരുന്നു. മാത്രമല്ല അനേകായിരം സാംസ്ക്കാരിക നവോത്ഥാന നായകൻമാർ ഈ മണ്ണിൽ കരുത്താർജിച്ചിരുന്നു. ഓരോ പൂവിന്റെ ഗന്ധം ഓരോ ഋതുക്കളിലും ഇവിടെ പൊഴിയാറുണ്ടായിരുന്നത്രെ.

വേനല്‍ക്കാലത്ത് മാമ്പൂവിന്റെയും പച്ചമാങ്ങയുടെയും ഗന്ധം, വൃശ്ചിക സന്ധ്യയിൽ പാലപ്പൂവിന്റെ ഗന്ധം. ചിലപ്പോള്‍ ചെമ്പകത്തിന്റെയും മറ്റു ചിലപ്പോള്‍ അശോകത്തിന്റെയും ഭ്രമിപ്പിക്കുന്ന സുഗന്ധം. ശ്വസിച്ച കാറ്റിനോടും കുടിച്ച വെള്ളത്തിനോടും സൂര്യനോടും ചന്ദ്രനോടും ഇവിടെ ഉള്ളവർ അന്ന് ഏറെ കടപ്പെട്ടിരുന്നു.

കിളികളെയും പൂക്കളെയും മരങ്ങളെയും സ്‌നേഹിച്ച് ഒപ്പം കൂട്ടിയവർ ഇവിടെ ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നഷ്ടമായി. ചില ശബ്ദങ്ങളും അതോടെപ്പം പഴമയും നമുക്കിടയില്‍ നിന്നും ഇല്ലാതായിരിക്കുന്നു. പകരം പുതിയത് കടന്നു വന്നിരിക്കുന്നു. കൊയ്ത്തു കഴിഞ്ഞു പോകുന്ന കര്‍ഷകത്തൊഴിലാളികളുടെ പാട്ടോ സന്ധ്യാ നേരത്തെ കുളക്കോഴികളുടെ പതം പറച്ചിലോ ഒന്നും ഇന്ന് അവിടെ കേള്‍ക്കാനില്ല.

ആരവമില്ലാത്ത കടലും, നിശബ്ദം പെയ്യുന്ന മഴയും കുളമ്പടിയൊച്ചയില്ലാത്ത പടക്കുതിരകളും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല ഇപ്പോൾ. പ്രകൃതിയും ഇന്ന് നമ്മോട് പല തരത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പകല്‍ ചിലയ്ക്കുന്നത് പോലെയാവില്ല ഒരു പക്ഷി രാത്രിയില്‍ ചിലയ്ക്കുന്നത്. മഴയുള്ള രാത്രിയിലെ കാറ്റിനും നട്ടുച്ചയ്ക്ക് വീശുന്ന വേനല്‍ക്കാറ്റിനും രണ്ട് ശബ്ദമാണ്.

ദ്രാവിഡ ഭാഷയുടെ സംസ്കൃതിയാണ് അനന്ദപദ്മനാഭ ക്ഷേത്രം. 108 വൈഷ്ണവ ആരാധനാലയങ്ങളിൽ ഒന്ന്. തമിഴ് വൈഷ്ണവ ആചാര്യൻമാരായ ആഴ് വാർ മാർ രചിച്ച ദിവ്യ കീർത്തനങ്ങൾ ഈ ക്ഷേത്രത്തെ പ്രകീർത്തിക്കുന്നവയാണ്. ചുരുക്കത്തിൽ അനന്തപുരിയുടെ ഉച്ഛ്വാസവും നിച്ഛ്വാസവുമെല്ലം ഈ അനന്തപുരി ക്ഷേത്രമാണ്. അതെ ഓർമ്മകളിൽ ഒരു കോവിലായി അനന്തപദ്മനാഭ സ്വാമി ക്ഷേത്രവും.

Leave a Reply

Your email address will not be published. Required fields are marked *