നടി അഹാന കൃഷ്ണയെ പോലെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും എല്ലാവര്‍ക്കും സുപരിചിതരാണ്. യൂട്യൂബ് ചാനലില്‍ സജീവമായതോടെയാണ് താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. അടുത്തിടെ അഹാനയുടെ സഹോദരിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ തന്റെ അമ്മയെ പറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ പറ്റി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെ അമ്മയ്ക്ക് വന്ന ചില മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ട് ആണ് നടി പങ്കുവെച്ചത്. മാത്രമല്ല വാട്‌സാപ്പിലൂടെയും ഓണ്‍ലൈനിലൂടെയും വ്യാപകമായി നടക്കുന്നൊരു തട്ടിപ്പ് കൈയ്യോടെ പിടികൂടിയതിനെ കുറിച്ചാണ് അഹാന പറഞ്ഞത്.
‘നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെയോ അതല്ലെങ്കില്‍ പരിചയമുള്ള ആളുകളുടെയോ വാട്‌സാപ്പില്‍ നിന്നും ഒടിപി നമ്പര്‍ അയച്ച് തരാമോ എന്ന് ചോദിച്ചാണ് മെസ്സേജുകള്‍ വരുന്നത്. എന്നാല്‍ ഇത് തട്ടിപ്പുകാര്‍ സമീപിക്കുന്ന പുതിയ രീതിയാണ്. നമ്മുടെ തന്നെ കോണ്‍ടാക്ടിലുള്ള ആരുടെയെങ്കിലും നമ്പര്‍ ആദ്യമേ ഹാക്ക് ചെയ്തിട്ടുണ്ടാവും. എന്നിട്ടായിരിക്കും മെസ്സേജ് അയക്കുക. അവര്‍ ചോദിക്കുന്ന നമ്പര്‍ നമ്മള്‍ തിരിച്ചയച്ചു കൊടുത്താല്‍ അപ്പോള്‍ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടും.
അത്തരത്തില്‍ എന്റെ അമ്മയ്ക്ക് വന്ന ചില ചാറ്റുകള്‍ ആണെന്ന് പറഞ്ഞാണ് അഹാന എത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് സ്‌ക്രീന്‍ നോക്കി ആറക്കമുള്ള ഒടിപി നമ്പര്‍ അയച്ചു തരൂ എന്ന സന്ദേശമാണ് സിന്ധു കൃഷ്ണയ്ക്ക് വന്നത്. ഇതൊരു തട്ടിപ്പ് ആണെന്ന് മനസ്സിലാക്കിയ സിന്ധു നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഈ നമ്പര്‍ തരേണ്ട ആവശ്യമെന്താണെന്നും തിരികെ ചോദിക്കുന്നു. വീണ്ടും ഒടിപി നമ്പര്‍ തരാന്‍ ഇവര്‍ ആവശ്യപ്പെട്ടതോടെ നിങ്ങള്‍ തട്ടിപ്പല്ലേ എന്ന് ചോദിച്ചതോടെ ഇതിന് മറുപടിയായി അവരത് സമ്മതിച്ചിരിക്കുകയാണ്.
ഇതോടെ സിന്ധു കൃഷ്ണ ആ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. അമ്മയെ ചതിയില്‍പ്പെടുത്താന്‍ നോക്കിയവരുടെ ചാറ്റ് സഹിതം പങ്കുവെച്ചാണ് വാട്‌സാപ്പ് ഉപയോഗിക്കുന്ന പ്രായമുള്ള ആളുകളടക്കം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി അഹാന എത്തിയത്. ഓണ്‍ലൈനിലൂടെയുള്ള സ്‌കാമുകളില്‍ എല്ലാവരും കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് കൂടി നല്‍കിക്കൊണ്ടാണ് അഹാന പോസ്റ്റുമായി എത്തിയത്.
