ഉമ്മൻചാണ്ടിയ്ക്കു പിന്നാലെ വക്കം പുരുഷോത്തമനും

രാഷ്ട്രീയ കേരളത്തിന് ഇത് തീരാത്ത നഷ്ടങ്ങളുടെ കാലം… കോണ്‍ഗ്രസിലെ
തലമുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ച് സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം..
ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ വിജയിച്ച് നിയമസഭയിലേക്ക് എത്തി, അതില്‍ മൂന്ന് പ്രാവശ്യം മന്ത്രിയായി അവരോധിക്കപ്പെട്ടു. രണ്ടുതവണകളില്‍ ഏറ്റവും അധികം കാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി അലങ്കരിച്ചു. ത്രിപുര മിസോറാം സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. അഭിഭാഷക മേഖലയില്‍ നിന്നുമായിരുന്നു പൊതുപ്രവര്‍ത്തനരംഗത്തേക്ക് അദ്ദേഹത്തിന്റെ കടന്നുവരവ്. 46 ല്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് സംഘടനയുടെ ഭാഗമായി. 53ല്‍ വക്കം ഗ്രാമപഞ്ചായത്ത് അംഗമായി സജീവരാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. പിന്നീടങ്ങോട്ട് ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളിലൂടെ കേരള രാഷ്ട്രീയത്തിലേക്കു പടര്‍ന്നു കയറുകയായിരുന്നു അദ്ദേഹം. 1970 ല്‍ ആദ്യമായി ആറ്റിങ്ങലില്‍ നിന്നും നിയമസഭയിലേക്ക്. പിന്നീട് 77, 80, 82, 2001കാലഘട്ടങ്ങളില്‍ വിജയിയായി നിയമസഭയിലേക്ക് എത്തി. ആദ്യ വിജയത്തില്‍ തന്നെ മന്ത്രി പദവി അദ്ദേഹത്തെ തേടിയെത്തി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി തൊഴില്‍ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്, നായനാര്‍ സര്‍ക്കാര്‍ ഭരണ കാലത്ത് ആരോഗ്യ, ടൂറിസം വകുപ്പ് മന്ത്രിയായി ചുമതലുകയേറ്റു.

1984 ല്‍ ആലപ്പുഴയില്‍ നിന്നും മത്സരിച്ച പാര്‍ലമെന്റിലേക്ക് വിജയിച്ചു. 89ലും അതേ വിജയം അദ്ദേഹത്തെ പിന്തുടര്‍ന്നു. 93- 96 കാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിവഹിച്ചു. 2004 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ എക്‌സൈസ് വകുപ്പ് മന്ത്രിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്. കേരളം കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളും പാര്‍ലമെന്റേറിയനുമായിരുന്നു. വക്കം പുരുഷോത്തമന്റെ അന്ത്യത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ചിട്ടുള്ളത്.. പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യവും തലമുറകളുടെ പ്രതിനിധിയും ആയിരുന്നു അദ്ദേഹം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി എന്നും കേരളത്തിന് അഭിമാനാര്‍ഹമായ നിരവധി നേട്ടങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തുവന്നും പ്രിയപ്പെട്ട ജനപ്രതിനിധിയുടെ വിയോഗത്തില്‍ കേരളം വിങ്ങുകയാണെന്നും നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രഗല്‍ഭര്‍ അനുസ്മരിച്ചു. പ്രിയപ്പെട്ട സാംസ്‌കാരിക രാഷ്ട്രീയ നായകന് കര്‍മ്മ ശക്തിയുടെ ആദരാഞ്ജലികള്‍….

Leave a Reply

Your email address will not be published. Required fields are marked *