തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് സമാന്ത. സൂപ്പര്‍ ഹിറ്റ് സീരീസായ ഫാമിലി മാനിന്റെ രണ്ടാം സീസണിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. ഫാമിലി മാനില്‍ കണ്ടത് രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തയായൊരു സമാന്തയെ ആയിരുന്നു. ആക്ഷന്‍ ചെയ്തും സീരീസില്‍ സമാന്ത കയ്യടി നേടി. ഇതോടെ സമാന്ത ബോളിവുഡിലും താരമായി മാറുകയായിരുന്നു. ഇതിനിടെയായിരുന്നു സമാന്തയുടെ വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളുടെ പെരുമഴക്കാലമുണ്ടാകുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ, 2021 ല്‍ സമാന്ത നാഗ ചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞത്. അതേസമയം എന്തുകൊണ്ടാണ് തങ്ങള്‍ പിരിയുന്നതെന്ന് നാഗ ചൈതന്യയും സമാന്തയും ഇതുവരേയും തുറന്നു പറഞ്ഞിട്ടില്ല. വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇരുവരും തുറന്ന് പറയാത്തതു കൊണ്ട് ഗോസിപ്പ് എഴുത്തുകാര്‍ തങ്ങളുടെ ഭാവനയില്‍ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. എന്തായാലും സമാന്തയും നാഗ ചൈതന്യയും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. നാഗ ചൈതന്യ വിവാഹത്തിന് തയ്യാറെടുക്കുകയാണ്. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു. അടുത്ത മാസം ഇരുവരും വിവാഹിതരാകും.
ഇതിനിടെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സമാന്തയും പ്രണയത്തിലാണെന്നാണ്. ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ അര്‍ജുന്‍ കപൂറും സമാന്തയും പ്രണയത്തിലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് അര്‍ജുനും മലൈക അറോറയും പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാന്തയും അര്‍ജുനും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഈ ഗോസിപ്പുകളുടെ ഉറവിടം സമാന്തയുടെ ഒരു പോസ്റ്റും അതിനുള്ള അര്‍ജുന്റെ കമന്റും മാത്രമാണ്. കഴിഞ്ഞ ദിവസം സമാന്ത ഒരു കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിന് കമന്റുമായി അര്‍ജുന്‍ എത്തുകയായിരുന്നു. ഇന്‍സ്പിരേഷണല്‍ എന്നായിരുന്നു അര്‍ജുന്റെ കമന്റ്. ഈ കവിതയുടെ പോസ്റ്റര്‍ തന്റെ മുറിയില്‍ ഉണ്ടെന്നും തന്നെ മോശം സമയത്ത് സഹായിച്ചതാണെന്നുമാണ് അര്‍ജുന്‍ പറയുന്നത്. ഈ കമന്റിന്റെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയയും ഗോസിപ്പുകൾ വരുന്നത്.
