നടൻ വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് വിജയ് പുറത്തിറക്കി. അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്.
ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ രണ്ട് ഗജവീരന്‍മാരുമുണ്ട്. തമിഴ്നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും ഇതരസംസ്ഥാനത്തെ നേതാക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറും.
നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണില്‍ നിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും.
എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ഉറപ്പിച്ച് പറയുന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രതിജ്ഞയില്‍ പറഞ്ഞത്. അതോടൊപ്പം തമിഴ്നാട് വെട്രി കഴകം പാർട്ടി 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വിജയുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖറും ശോഭയും പതാക അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു.

 
                                            