മാധ്യമങ്ങൾക്കെതിരെയല്ല അൻവറിനെതിരെ നടപടിയെടുക്കട്ടെ: വി.മുരളീധരൻ

ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. 

അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അൻവറിനെതിരെ പിണറായി നിയമനടപടി സ്വീകരിക്കണം. ആരോപണങ്ങൾ തെറ്റെങ്കിൽ, മാധ്യമങ്ങളല്ല അൻവറാണ് കേരളത്തെ അപമാനിക്കുന്നത്. അതല്ലെങ്കിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താവുന്ന തെളിവുകൾ അജിത്കുമാറിന്‍റെ കൈവശമുണ്ടെന്ന് സംശയിക്കേണ്ടിവരും. എസ്പിക്ക് ഒരു നിയമവും എഡിജിപിക്ക് മറ്റൊരു നിയമവുമാണോ എന്നും വി.മുരളീധരൻ ചോദിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കള്ളക്കണക്കുകൾ ചോദ്യം ചെയ്യുമ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. കണക്കുകൾ കേന്ദ്രമാനദണ്ഡപ്രകാരം എന്ന് പറയുമ്പോൾ ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ എന്നത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലെന്നും മുൻകേന്ദ്രമന്ത്രി ചോദിച്ചു. വെള്ളക്കെട്ട് നീക്കാൻ മൂന്നു കോടിയെന്ന് എഴുതി വയ്ക്കുന്നത് എന്ത് കണക്കെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *