ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുന്‍ നായകന് എം എസ് ധോണി വരെയുളളവരുടെ വ്യാജ അപേക്ഷയാണ് ലഭിച്ചത്. ഇന്നലെയായിരുന്നു അപേക്ഷക്കുളള അവസാന തീയതി. ഏകദേശം 3000 ത്തോളം അപേക്ഷകളില്‍ ഭൂരിഭാഗവും പ്രമുഖരുടെ പേര് വ്യാജമായി ഉപയോഗിച്ചാണ് അയച്ചിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്, ധോണി എന്നിവര്‍ക്ക് പുറമെ ഹര്ഭജന് സിംഗ്, വീരേന്ദര്‍ സെവാഗ് എന്നിവരുടെയെല്ലാം പേരുകളില്‍ ഒന്നിലേറെ അപേക്ഷകള്‍ ബിസിസിഐക്ക് കിട്ടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരുകളിലും അപേക്ഷകള്‍ ലഭിച്ചത്.
ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് ഗൂഗിള്‍ ഫോമില്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ആകെ ലഭിച്ച അപേക്ഷകളില്‍ എത്രപേര്‍ യഥാര്‍ത്ഥ അപേക്ഷകരുണ്ടെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായല്ല ബിസിസിഐക്ക് ഇത്തരത്തില്‍ വ്യാജ അപേക്ഷകള്‍ ലഭിക്കുന്നത്. 2022ല്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖരുടെ പേരുകളില്‍ ലഭിച്ചത് 5000ത്തോളം വ്യാജ അപേക്ഷകളായിരുന്നു. അതിനുശേഷം താല്പര്യമുള്ളവരോട് ഇ-മെയിലില്‍ അപേക്ഷ നല്കാന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

 
                                            