നായയെ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ 12 ലക്ഷം മുടക്കി നായയുടെ വേഷം ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തില്‍പ്പെട്ട നായയായിട്ടാണ് യുവാവ് മാറിയത് എന്നാല്‍, യഥാര്‍ത്ഥ പേരോ മറ്റോ വെളിപ്പെടുത്താന്‍ ആള്‍ തയ്യാറായിരുന്നുമില്ല. ടോക്കോ എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഇപ്പോള്‍ നായവേഷത്തില്‍ ലോകത്തിലാകെ ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തുകയാണ് യുവാവ്. അതില്‍ ഒന്ന് തനിക്ക് ഒരു സിനിമാതാരം ആകണം എന്നതാണ്. തന്റെ കഴിവ് ഉപയോഗപ്പെടുത്തുകയും ഏതെങ്കിലും ഒരു സിനിമയില്‍ നായയായി അഭിനയിക്കുകയും വേണം എന്നതാണ് ഇയാളുടെ വലിയ ആഗ്രഹം.
ഏതായാലും സിനിമാതാരം ആകുന്നതിന് പുറമേ അയാള്‍ക്കുള്ള മറ്റൊരു ആഗ്രഹം പ്രണയത്തിലാവുക എന്നതാണ്. ഒരു സ്ത്രീയെ കണ്ടെത്തുക, അവള്‍ തന്നെയും നായയായി വേഷം ധരിക്കാനുമുള്ള തന്റെ ആഗ്രഹവും മനസിലാക്കുക എന്നതൊക്കെ ടോക്കോ തന്റെ ആഗ്രഹങ്ങളായി പറയുന്നു.
2022 -ലാണ് ടോക്കോയ്ക്ക് ഈ നായയുടെ വേഷം കിട്ടിയത്. പല കമ്പനികളെ സമീപിച്ചു എങ്കിലും ആരും ആ വേഷം തയ്യാറാക്കി കൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഒരു കമ്പനി അതിന് തയ്യാറാവുകയായിരുന്നു. അടുത്തിടെയാണ് ഇയാള്‍ നായയുടെ വേഷത്തില്‍ പുറത്തിറങ്ങിയത്. പാര്‍ക്കിലും മറ്റും കറങ്ങി നടന്ന് കുറേയേറെ മനുഷ്യരേയും മറ്റ് നായകളേയും ഒക്കെ ഇയാള്‍ കണ്ടുമുട്ടിയിരുന്നു. എന്നാല്‍, അന്ന് അയാള്‍ പ്രതികരിച്ചത് ആളുകള്‍ക്ക് തന്നെയോ തന്റെ ആഗ്രഹങ്ങളെയോ വികാരങ്ങളെയോ മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നായിരുന്നു.
