വിചിത്രമായ ഒരു മോഷണകഥയാണിത്. ഒരു സിനിമയാണോ എന്ന് ചിലര്‍ക്കെങ്കിലും തോന്നും വിധം അവിശ്വസനീയം. സംഭവം നടക്കുന്നത് ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ്.
ഗോള്‍ഫ് കോഴ്സ് റോഡിലെ ഒരു കമ്ബനിയിലെ ജീവനക്കാരനായ അമിത് പ്രകാശ് എന്നയാളുടെ കാറും കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുമാണ് മോഷ്ടിക്കപ്പെട്ടത്.
ഇയാള്‍ അടിച്ചുപൂസായതോടെ സ്വന്തം കാറിലാണ് സഞ്ചരിക്കുന്നതെന്ന് പോലും ഇയാള്‍ മറന്നു. ഒടുവില്‍ മദ്യപിക്കാന്‍ ഒപ്പംകൂടിയ അപരിചിതന്‍ കാറില്‍നിന്ന് ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ഇതനുസരിച്ച് വാഹനത്തില്‍നിന്നിറങ്ങിയ അമിത് മെട്രോ ട്രെയിനിലാണ് വീട്ടിലെത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ‘കെട്ടിറങ്ങി’യതോടെയാണ് താന്‍ കവര്‍ച്ചയ്ക്കിരയായെന്നും കാറും 18,000 രൂപയും മൊബൈലും അടക്കം നഷ്ടമായെന്നും അമിതിന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഗുരുഗ്രാം ഗോള്‍ഫ് കോഴ്സ് റോഡിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അമിത് പ്രകാശ് ജോലിക്ക് ശേഷം സമീപത്തെ വൈന്‍ഷോപ്പിന് ചേര്‍ന്നുള്ള വിശ്രമകേന്ദ്രത്തില്‍ എത്തിയതായിരുന്നു. മദ്യലഹരിയില്‍ 2000 രൂപയുടെ വൈന്‍ കുപ്പിക്ക് 20,000 രൂപയാണ് ഇയാള്‍ മദ്യശാലയില്‍ നല്‍കിയത്. എന്നാല്‍ ജീവനക്കാരന്‍ രണ്ടായിരം രൂപ മാത്രമെടുത്ത് ബാക്കി 18,000 രൂപ തിരികെനല്‍കി. തുടര്‍ന്ന് മദ്യവുമായി കാറിലെത്തിയ അമിത് പ്രകാശ് വാഹനത്തിലിരുന്ന് വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് അപരിചിതനായ ഒരാള്‍ കാറിനടുത്ത് വന്ന് പരിചയം സ്ഥാപിച്ചത്. മദ്യപിക്കാന്‍ ഒപ്പംകൂടട്ടേ എന്ന് ചോദിച്ച അപരിചിതന് അമിത് മദ്യം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ സഞ്ചരിച്ചത് മാത്രമാണ് അമിതിന് ഓര്‍മ്മയുള്ളത്.
മദ്യപിക്കാന്‍ ഒപ്പംകൂടിയ അപരിചിതനൊപ്പം സുഭാഷ് ചൗക്ക് വരെ താന്‍ വാഹനമോടിച്ചെന്നാണ് അമിതിന്റെ പരാതിയില്‍ പറയുന്നത്. വാഹനം സുഭാഷ് ചൗക്കിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അപരിചിതന്‍ വാഹനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു. ഈസമയത്ത് അത് തന്റെ സ്വന്തം വാഹനമാണെന്നകാര്യം മറന്നുപോയെന്നും അപരിചിതന്റെ അഭ്യര്‍ഥനയനുസരിച്ച് വാഹനത്തില്‍നിന്ന് ഇറങ്ങിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ച് ഹുദാ സിറ്റി സെന്ററിലെ മെട്രോ സ്റ്റേഷനിലെത്തിയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും വീട്ടിലെത്തിയശേഷമാണ് സംഭവിച്ചകാര്യങ്ങളെല്ലാം മനസിലായതെന്നും യുവാവിന്റെ പരാതിയിലുണ്ട്.
കാറും 18,000 രൂപയും ലാപ്‌ടോപ്പും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്‌തെന്നാണ് യുവാവിന്റെ പരാതി. സംഭവത്തില്‍ ഗുരുഗ്രാം സെക്ടര്‍ 65 പോലീസ് മോഷണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, അപരിചിതനെക്കുറിച്ചുള്ള കാര്യങ്ങള്‍ പരാതിക്കാരന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ട്വിറ്ററില്‍ സൗതിക് ബിശ്വാസ് എന്നയാള്‍ ഈ വാര്‍ത്ത പങ്കുവെച്ചിരുന്നു.ഈ പോസ്റ്റിനു താഴെ രസകരമായ പല കമന്റുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ”ഗോവിന്ദ സിനിമകളിലെ ടിപ്പിക്കല്‍ കോമഡി സീന്‍ പോലെയുണ്ട് ഈ സംഭവം” എന്നാണ് ഒരാളുടെ കമന്റ്. ”രോഹിത് ഷെട്ടിയുടെ ഗോലുമാലില്‍ ഈ സംഭവം ഒരു കോമിക് സീക്വന്‍സായി വന്നേക്കും, അതിന്റെ റോയല്‍റ്റി അമിത് എന്ന ഈ മനുഷ്യന് ലഭിക്കും” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
