മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ചിമ്പാൻസി മുതൽ എലി വരെ ഇക്കൂട്ടത്തിൽപ്പെടും. ലെയ്‌ക എന്ന നായയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഹാം എന്ന ചിമ്പാൻസിയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഹൊമിനിഡ്. ബഹിരാകാശത്ത് എത്തിയവരുടെ കൂട്ടത്തിൽ ഒരു പൂച്ചയുമുണ്ടായിരുന്നു.”
ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ബഹിരാകാശ യാത്രയാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പാരീസിൽ നിന്നുമുള്ള കറുപ്പും വെള്ളയും ഇടകലർന്ന നിറത്തിലുള്ള ഫെലിസെറ്റ് എന്ന പൂച്ചയാണ് ചർച്ചാ വിഷയം. ഈ പൂച്ചയ്‌ക്ക് ഫെലിസെറ്റ് എന്ന പേര് ലഭിക്കുന്നതിന് പിന്നിലെ കാരണം ബഹിരാകാശ യാത്രയാണ് എന്നതാണ് ശ്രദ്ധേയം. 1963-ൽ ബഹിരാകാശത്തേക്ക് സഞ്ചരിച്ച ആദ്യ പൂച്ചയാണ് ഫെലിസെറ്റ്.
പാരീസിലെ തെരുവുകളിൽ നിന്നുമാണ് ഈ പൂച്ചയെ ഗവേഷകർ കണ്ടെത്തുന്നത്. 1973 ഒക്ടോബർ 18-നാണ് ബഹിരാകാശ യാത്ര നടക്കുന്നത്. ഫ്രാൻസിന്റെ വെറോണിക്ക് റോക്കറ്റിലാണ് പൂച്ച യാത്ര ചെയ്തത്. മുമ്പ് C341 എന്നാണ് ഈ പൂച്ച അറിയപ്പെട്ടിരുന്നത്. ഭൂമിയിൽ നിന്നും 96 മൈൽ ഉയരത്തിലേക്കാണ് പേടകം പറന്നത്. ശാസ്ത്രീയ പഠനത്തിനായി ബഹിരാകാശത്തേക്ക് കുതിക്കുന്നതിന് ഈ പൂച്ചയെ ഗവേഷകർ തിരഞ്ഞെടുക്കുകയായിരുന്നു.
വൈകാരിക അടുപ്പം ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് പൂച്ചയ്‌ക്ക് C341 എന്ന പദവി നൽകിയത്. ഉയർന്ന ഗുരുത്വാകർഷണം അനുഭവപ്പെട്ടിട്ടും ഇവ സഹിച്ച് ഫെലിസെറ്റ് ബഹിരാകാശ യാത്രാ പരിശീലനത്തിന് വിധേയയായി. പ്രപഞ്ചത്തിലൂടെയുള്ള അസാധാരണ യാത്രയെ അതിജീവിച്ചതിനാലാണ് പൂച്ചയ്‌ക്ക് ഫെലിസെറ്റ് എന്ന പേര് നൽകിയത്. ബഹിരാകാശ യാത്രയിലെ മനുഷ്യ രാശിയുടെ പ്രാരംഭ ചുവടുകളെ പ്രതിനിധീകരിക്കുന്ന യാത്രയായിരുന്നു ഇത്.
എന്നാൽ വിജയകരമായി യാത്ര പൂർത്തിയാക്കി എത്തിയ ഫെലിസെറ്റിനെ ഏതാനും മാസങ്ങൾക്ക് ശേഷം ദയാവധത്തിന് വിധേയയാക്കി. പൂച്ചയുടെ മസ്തിഷ്‌കത്തിൽ വിപുലമായി പരിശോധന നടത്തുന്നതിന് വേണ്ടിയാണ് അന്ന് ശാസ്ത്രജ്ഞർ പ്രയാസകരമായ തീരുമാനം എടുത്തത്. പിന്നീട് ഫെലിസെറ്റിന്റെ അഞ്ച് അടി ഉയരമുള്ള പ്രതിമ സൃഷ്ടിച്ചു. ഈ പ്രതിമ ഫ്രാൻസിലെ ഇന്റർനാഷണൽ സ്‌പേസ് യൂണിവേഴ്‌സിറ്റിയിൽ അനാച്ഛാദനം ചെയ്തു.

 
                                            