പീഡിപ്പിക്കപ്പെട്ട് ഉടുവസ്ത്രമില്ലാതെ 12കാരി, ഒടുവില്‍ സഹായിച്ചത് സന്യാസിയോ?

ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.

വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ആളുകള്‍ പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയാണ് ചെയ്തത്. ആരും സഹായിക്കാന്‍ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്നഗര്‍ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തിലെത്തി. അവിടെയുള്ള സന്യാസി ധരിക്കാന്‍ വസ്ത്രം നല്‍കി. അദ്ദേഹം ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. അവള്‍ക്ക് രക്തം ദാനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നു. ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന് സച്ചിന്‍ വര്‍മ ജനങ്ങളോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി ആരാണെന്നും കുറ്റകൃത്യം നടന്നത് എവിടെ വെച്ചാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തണമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *