മുംബൈ : ലോകത്തെ എമര്‍ജിങ്ങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനം കൈവരിച്ചു. ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമതെത്തി. ഇത് ജനുവരിയിലെ കണക്കാണ്. കയറ്റുമതിയിലെ വളര്‍ച്ച, വിലക്കയറ്റ നിരക്ക് താഴുന്നത്, തദ്ദേശീയ നിര്‍മ്മാണ രംഗങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ നില മെച്ചപ്പെടാന്‍ വഴിയൊരുക്കിയത്.
ജനുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 6.2 ശതമാനമായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം 27.45 ബില്ല്യണ്‍ ഡോളറായിരുന്നു കയറ്റുമതി. ലോകരാജ്യങ്ങളിലെമ്പാടുമുള്ള ടെന്‍ഡിങ്ങിന്റെ ഭാഗമാണ് ഇന്ത്യയില്‍ ഉണ്ടായ വളര്‍ച്ചയെന്ന് നോമുറയിലെ ബിസിനസ്സ് വിശകലന വിദഗ്ദര്‍.
ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യയും കയറ്റുമതിയില്‍ വന്‍ നേട്ടമുണ്ടാക്കി. അവര്‍ക്ക് ജനുവരിയില്‍ 12.2 ശതമാനം വളര്‍ച്ച നേടാനായി. ബ്രസീല്‍ 2.2 ശതമാനം വളര്‍ച്ച കൈവരിച്ചു.
പട്ടികയില്‍ ഒന്നാമതുള്ള ചൈനയ്ക്ക് 78 പോയിന്റ് ലഭിച്ചു. തുര്‍ക്കിയാണ് 67 പോയിന്റോടെ രണ്ടാമത്. ഇന്ത്യയ്ക്കൊപ്പം ഇന്തോനേഷ്യയും 60 പോയിന്റുമായി മൂന്നാമതായുണ്ട്. തായ്ലന്‍ഡ് (52), റഷ്യ (50), ബ്രസീല്‍ (49), മെക്സിക്കോ (41), ഫിലിപ്പൈന്‍സ് (39) എന്നിവയാണ് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നിലുള്ള രാജ്യങ്ങള്‍.

 
                                            