മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രറി ആധുനിക നിലവാരത്തിലേയ്ക്ക് ഉയരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രോജക്ടുമായി ബന്ധപ്പെട്ട് നവീകരിച്ച കംപ്യുട്ടറൈസ്ഡ് ലൈബ്രറിയുടെ ഉത്ഘാടനവും പ്രതിഭകളെ ആദരിക്കലും ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടക്കും.
ലൈബ്രറി സയൻസ് അനുശാസിക്കുന്ന പ്രകാരം ഡ്യൂവേ ഡെസിമൽ ക്ലാസിഫിക്കേഷൻ (ഡി.ഡി.സി) പ്രകാരമാണ് ക്രമീകരണം. സ്കൂളിലെ എണ്ണായിരത്തോളം വരുന്ന ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ ചേർത്തു കൊണ്ടിരിക്കുന്നു. എല്ലാ പുസ്തകങ്ങളിലും ക്ലാസിഫിക്കേഷൻ നമ്പരും അക്സഷൻ നമ്പരും അടക്കമുള്ള ബാർകോഡ് രേഖപ്പെടുത്തുന്നതിൻ്റെ അവസാനഘട്ട ജോലിയിലാണ്. ഇവിടത്തെ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് ലൈബ്രറി പെയിൻ്റടിച്ചതും, ഇലക്ട്രിഫിക്കേഷൻ, പുസ്തകം അടുക്കിവയ്ക്കൽ ബാർകോഡ് ഒട്ടിക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നടത്തിയത്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ വന്ന് വായനശീലം വർദ്ധിപ്പിക്കാനും ഉതകുന്ന രീതിയിലാണ് ലൈബ്രറി സഞ്ജീകരിച്ചിരിയ്ക്കുന്നത്. നാഷണൽ സർവ്വീസ് സ്കീം ,കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ, റെഡ് ക്രോസ് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ, വൊക്കേഷണൽ വിഷയങ്ങൾ പഠിപ്പിക്കുന്ന കാർഷിക മൃഗസംരക്ഷണ മേഖലകളിലെ സാങ്കേതിക വിധഗ്ദർ എന്നിവരുടെ സേവനം മത്സര പരീക്ഷയ്ക്ക് തയ്യാറാവുന്ന ഉദ്യോഗാർത്ഥികൾക്കും ലഭ്യമാക്കും വിധത്തിലാണ് തയ്യാറാക്കുന്നത്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ആഡിയോ വീഡിയോ സിസ്റ്റം, റേഡിയോ, ടെലിവിഷൻ, ഇൻ്റർനെറ്റ്, ഇൻ്റോർ പ്ലാൻ്റ്സ്, മാറാടിയുടെയും സ്കൂളിൻ്റെയും ചരിത്രം, പ്രമുഖ സാഹിത്യകാരൻമാർ, കവികൾ, ജ്ഞാനപീഠം അവാർഡ് ജേതാക്കൾ, മറ്റ് പ്രശസ്ത്ഥർ തുടങ്ങിയവരുടെയും, ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചരിത്രവും ഫോട്ടോകളും ഈ ലൈബ്രറിയുടെ ചുവരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഫോട്ടോകളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവർ സ്കൂൾ ഓഫീസിൽ എത്തിക്കണം. പൂർവ്വ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും, വായനയെ സ്നേഹിക്കുന്ന സുമനസുകൾക്കും അവരവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയ്ക്ക് സമ്മാനമായി നൽകാൻ കഴിയുന്ന “ജന്മദിന പുസ്തകം” എന്ന പദ്ധതിയും ആരംഭിയ്ക്കും. രാജ്യത്തിന് വേണ്ടി പടപൊരുതി ജീവൻ ബലിയർപ്പിച്ച പൂർവ്വ വിദ്യാർത്ഥിയും ബി.എസ്.എഫ് ജവാനുമായിരുന്ന മാറാടി ചക്കച്ചേരിയിൽ വീട്ടിൽ സി.യു ഏലിയാസിൻ്റെ ഫോട്ടോകൾ ഓർമ്മയ്ക്കായി ഈ ലൈബ്രറിയിൽ സൂക്ഷിക്കും. കഴിഞ്ഞ എസ്.എസ് എൽ സി, വി.എച്ച്.എസ്.സി ,എൻ.എൻ.എം.എസ് സ്കോകോളർഷിപ്പ് വിജയികൾക്കും, നാഷണൽ സർവസ് സ്കീം സംസ്ഥാനതലത്തിൽ മികച്ച വോളൻ്റിയർ അവാർഡ് നേടിയ മീഖൾ സൂസൺ ബേബിയെയും, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിനെയും ആദരിക്കുകയും ചെയ്യും.
മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ബേബി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉത്ഘാടനം നിർവ്വഹിക്കും, ജില്ലാ പഞ്ചായത്തംഗം ഷാൻ്റി എബ്രഹാം , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനി ഷൈമോൻ, രമാ രാമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു കുര്യക്കോസ്, ജിഷജിജോ, ഡി.ഡി.ഇ ഹണി ജി അലക്സാണ്ടർ, മൂവാറ്റുപുഴ ഡി. ഇ.ഒ സീത എം.കെ, കൂത്താട്ടുകുളം എ.ഇ.ഒ ബോബി ജോർജ്, ബി.പി.സി ബിബിൻ ബേബി, ഡയറ്റ് ഫാക്കൽറ്റി ശ്രീകുമാരി ,ലൈബ്രറി മോഡണൈസേഷൻ പ്രോജക്ട് ഹെഡ് രവികുമാർ വി.എസ്, പിറ്റിഎ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, എം.പി റ്റി എ ചെയർപേഴ്സൺ സിനിജസനൽ, പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മിസ്ട്രസ് സഫിയ സി.പി, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി.അവിരാച്ചൻ തുടങ്ങിയവർ പങ്കെടുക്കും.



