ഡിസി – രക്ത നിറമുള്ള പ്രണയം

സഞ്ജയ് ദേവരാജന്‍

ലോകത്തിലെ എല്ലാ പ്രദേശങ്ങളിലെയും അധസ്ഥിതരായ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന നീതി നിഷേധം, ഒരുപോലെ തന്നെയാണ്. വികസിത പ്രദേശങ്ങളായാലും, ആ വികസിത പ്രദേശങ്ങള്‍ ആയാലും നമ്മുടെ ലോകത്തില്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്തരം നീതി നിഷേധങ്ങള്‍ക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പ്, പോരാട്ടങ്ങള്‍ എന്നിവയും ഈ ലോകത്ത് നമുക്ക് കാണാവുന്നതാണ്. ചിലത് ശക്തമായ പ്രതിഷേധങ്ങള്‍ ആയിരിക്കാം ചിലത് ദുര്‍ബലമായ പ്രതിഷേധങ്ങള്‍ ആയിരിക്കാം. അത്തരം ചെറുത്തു നില്‍പ്പുകള്‍ നടത്തുന്നവരെ നമ്മുക്ക് നക്‌സലുകള്‍ എന്നോ, ഗുണ്ടാ സംഘങ്ങള്‍ എന്നോ, കൊള്ള സംഘങ്ങള്‍ എന്നോ ഒക്കെ വിളിക്കാം. എന്നാല്‍ ഇത്തരം ചെറുത്‌നില്‍പ്പുകള്‍ ലോകത്ത് എക്കാലവും തുടര്‍ന്നുകൊണ്ടേയിരിക്കും.

നീതി നിഷേധിക്കപ്പെടുമ്പോള്‍ നീ, തീ ആവുക എന്നതാണല്ലോ ആപ്തവാക്യം. അത്തരത്തില്‍ തീ ആയി മാറിയ ദേവദാസ് എന്ന ചെറുപ്പക്കാരനും, അയാളുടെ സംഘവും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഡിസി.

വ്യവസ്ഥിതിയുടെ നീതി നിഷേധം ആകുമ്പോള്‍ സ്വാഭാവികമായും പോലീസ് അധികാരികള്‍ തന്നെയായിരിക്കും ഇവിടെ വില്ലന്മാര്‍. കുടുംബവും കുടുംബബന്ധങ്ങളെയും കുറച്ചുള്ള സംഭാഷണം അവര്‍ അറപ്പോടെ കാണുമ്പോള്‍ അവര്‍ വ്യവസ്ഥിതിയുടെ, നീതി നിഷേധത്തിന്റെ തനി പകര്‍പ്പായി മാറുന്നു. ഇത്തരത്തിലുള്ള എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക്, മരണം തന്നെയാണ് പ്രതിഫലം. അത്തരം മരണം പ്രതീക്ഷിച്ചു പോരാട്ടത്തിന് ഇറങ്ങുന്നവന് അവന്റെ മരണം വരെ പോരാട്ടം തുടര്‍ന്നെ മതിയാവു.

സിനിമയുടെ ഇടവേളയില്‍ എഴുതി കാണിക്കുന്നത് പോലെ ഭ്രാന്ത്, ഭ്രാന്തുമായി ചേരുമ്പോള്‍ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയെ അവിസ്മരണീയമാക്കി മാറ്റുന്നത്. ദേവദാസ് എന്ന നായക കഥാപാത്രത്തിന്റെ ഒപ്പമോ അതിന് മുകളിലോ നില്‍ക്കുന്ന ചന്ദ്ര എന്ന വാമിക ഗബ്ബി യുടെ സ്ത്രീ കഥാപാത്രത്തെ , ആ കഥാപാത്രം തന്നെയാണ് ഈ സിനിമയെ അതിമനോഹരമായ ഒരു സിനിമയാക്കി മാറ്റുന്നത്.

നീതി നിഷേധത്തിനെതിരെ തീയായി മാറുന്ന ദേവദാസ് എന്ന കഥാപാത്രത്തെ കാട്ടുതീയായി വളര്‍ത്തുന്ന വാമികയുടെ കഥാപാത്രം. പ്രണയവും, ചോരയും, ചതിയും പകയും, കൊലപാതകങ്ങളും നടമാടുന്ന സിനിമയുടെ രണ്ടാം പകുതി എന്നാല്‍ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ അച്ഛന്‍ മകന്‍ ബന്ധത്തിന്റെ വൈകാരികതകളും. നീതി നിഷേധിക്കപ്പെടുന്നവന്റെ വ്യാകുലതകളും തുറന്നു പറയുന്നു.

സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ക്ലിഷേ രീതിയില്‍ നിന്ന് വ്യത്യസ്തമായി വരിക കൂടി ചെയ്യുമ്പോള്‍ ഈ സിനിമ എന്നും ഓര്‍മ്മിച്ചു വയ്‌ക്കേണ്ട ഒരു അനുഭവമായി മാറുന്നു. എന്‍ കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ആയി വരുന്ന പോലീസുകാരന്‍ നായകനോടൊപ്പം നില്‍ക്കുന്ന വില്ലനായി സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. മനുഷ്യന്‍ എല്ലാകാലവും ഒരു മൃഗമാണ് എന്ന് ഓര്‍മ്മപ്പെടുത്തുക കൂടെയാണ് ഈ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *