റൈറ്റ്സ് സ്വന്തമാക്കിയശേഷം ഒട്ടുമിക്ക വിശേഷദിവസങ്ങളിലും കൈരളി ടെലികാസ്റ്റ് ചെയ്യാറുള്ള സിനിമകളിൽ ഒന്ന് വല്യേട്ടനാണ്. യുട്യൂബും ഒടിടി പ്ലാറ്റ്ഫോമുകളും സുലഭമായിയെങ്കിലും ഇപ്പോഴും വല്യേട്ടൻ കൈരളി ടിവിയിൽ ടെലികാസ്റ്റ് ചെയ്താൽ മലയാളികൾ കാണും. അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. സംവിധായകൻ കൈരളി ടിവിയോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. താൻ സംവിധാനം ചെയ്ത വല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തിട്ടുണ്ട് എന്ന പരാമർശത്തിന് പിന്നാലെയാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചത്. താൻ അങ്ങനെ പറഞ്ഞത് തമാശയായിട്ടാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ് താനെന്നും അതുകൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ താൻ ശ്രമിക്കില്ലെന്നും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ തനിക്ക് അഭിമാനമാണുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു.
എന്നാൽ കൈരളി ചാനലിന് അബദ്ധത്തില്‍ വല്യേട്ടൻ സിനിമയുടെ സാറ്റ്ലൈറ്റ് റൈറ്റ്സ് കൊടുത്തതാണെന്ന് നിര്‍മാതാവും പറഞ്ഞിരുന്നു ഈ രണ്ട പ്രസ്താവനകളും വൈറലായതോടെ പ്രതികരിച്ച് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന് ഉള്‍പ്പെടെ രംഗത്തുവന്നു. 2000ൽ വല്ല്യേട്ടൻ കൈരളി വാങ്ങിയത് അന്ന് നിലവിലുള്ള ഏറ്റവും ഉയർന്ന തുകയ്ക്കാണെന്ന് സോഷ്യൽമീഡിയയിലും കൈരളി ചാനൽ കുറിച്ചിരുന്നു. കൈരളി വല്ല്യേട്ടൻ 1880 തവണ കാണിച്ചുവെന്ന നിര്‍മാതാക്കളുടെ അവകാശവാദം വസ്തുതാപരമല്ല. ആദ്യ വര്‍ഷങ്ങളില്‍ ഈ സിനിമ വിശേഷ ദിവസങ്ങളില്‍ മാത്രമെ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് എന്നീ സിനിമകള്‍ ഏഷ്യാനെറ്റ് കാണിച്ചത് പോലെയേ വല്ല്യേട്ടനും സംപ്രേഷണം ചെയ്തിട്ടുള്ളു.
