വില്ലന്‍ വേഷങ്ങളിലൂടേയും ക്യാരക്ടര്‍ റോളുകളിലൂടേയുമെല്ലാം കയ്യടി നേടിയ നടന്‍ മേഘനാഥന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളികള്‍ ഉറക്കമുണര്‍ന്നത്. വിഖ്യാത നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മേഘനാഥന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അന്‍പതിലധികം സിനിമകളിലും നിരവധി സീരീയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്.
പിന്നീട് ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടുകയായിരുന്നു. 1983ല്‍ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ചമയം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ന്യൂസ് പേപ്പര്‍ ബോയ്, ഒരു മറവത്തൂര്‍ കനവ്, ക്രൈം ഫയല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2022 ല്‍ പുറത്തിറങ്ങിയ കൂമന്‍ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ.
ഇപ്പോഴിതാ മേഘനാഥനെക്കുറിച്ച് നടി സീമ ജി നായര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് നടന് ആദരാഞ്ജലികളുമായി സീമ ജി നായരെത്തിയത്. അവിശ്വസനീയമായ വാര്‍ത്ത എന്നാണ് നടന്റെ വിയോഗത്തെക്കുറിച്ച് സീമ ജി നായര്‍ പറയുന്നത്. കഴിഞ്ഞ ദിവസവും താന്‍ മേഘനാഥനെക്കുറിച്ച് മറ്റൊരാളോട് സംസാരിച്ചിരുന്നുവെന്നാണ് സീമ ജി നായര്‍ പറയുന്നത്.
