‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’; റിലീസ് തീയതി പ്രഖ്യാപിച്ച്‌ നെറ്റ്ഫ്ലിക്സ്

നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. താരത്തിന്റെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഒരു മണിക്കൂർ 21 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം.

2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേശ് ശിവനുമായി നയൻ‌താര പ്രണയത്തിലായത്, പിന്നീട് 2022 ജൂൺ 9 ന് ഇരുവരും വിവാഹിതരായി. ഇങ്ങനെ താരത്തിന്റെ വിവാഹവും, കരിയറും ഉൾപ്പടെ അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബർ 30 ന് നെറ്ഫ്ലിക്സ് ഇന്ത്യ സൗത്താണ് ഡോക്യൂമെന്ററിയുടെ റിലീസിംഗ് തീയതി ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ എക്‌സിലൂടെ പുറത്തുവിട്ടത്. പോസ്റ്ററിൽ റെഡ് കാർപെറ്റിലുടെ നടന്നു പോയി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന നയൻതാരയെ കാണാം.താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ തനി ഒരുവൻ 2, നിവിൻ പോളിയ്‌ക്കൊപ്പമുള്ള ഡിയർ സ്റ്റുഡൻ്റ്‌സ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലെ നായികയായാണ് നയൻ‌താര സിനിമയിലേക്ക് എത്തുന്നത്. അവിടെ നിന്ന് തമിഴിലേക്ക് ചുവടുവെച്ച താരം ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് വളരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *