വേമ്പനാട്ട് കായലിലൂടെ ചരിത്രത്തിലേക്ക് നീന്തിക്കയറാനൊരുങ്ങി ആറ് വയസുകാരി

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻ ആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ആദ്യ ഡി നായർ. അതി സാഹസികമായ ഈ നീന്തൽ പ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഈ കൊച്ചുമിടുക്കി.

ചുരുങ്ങിയ മാസം കൊണ്ടാണ് ആദ്യ നീന്തലിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. പരിശീലകനും വേൾഡ് റെക്കോർഡ് ജേതാവുമായ ബിജു തങ്കപ്പന്‍റെ നിർദേശത്തെത്തുടർന്നാണ് സാഹസികമായ ഈ നീന്തൽ. കോതമംഗലം മാതിരപ്പിള്ളി, പള്ളിപ്പടി ശാസ്‌തമംഗലത്ത് ദീപുവിന്റെയും, അഞ്ജനയുടെയും മകളായ ആദ്യ, കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകര യിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ആദ്യ 12 ന് നീന്തൽ നടത്താൻ ഒരുങ്ങുന്നത്.

വേമ്പനാട്ട് കായലിന്‍റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ് – വൈക്കം പ്രദേശം. ആദ്യമായാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഒരു 6 വയസ്സുകാരി നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇത് വരെയുള്ള റെക്കോർഡ് 4.5 കിലോമീറ്റർ ദൂരം വരെയാണ്. ആദ്യക്ക് പിന്തുണയുമായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബും, സെന്റ്.മേരീസ് പബ്ലിക് സ്കൂളുമുണ്ട്. സാംസ്‌കാരിക – സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും, ചലച്ചിത്ര താരങ്ങളും, കായിക താരങ്ങളും അടക്കം നിരവധി പേർ നവ മാധ്യമങ്ങളിലൂടെ ആദ്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ പരിശീലകൻ ബിജു തങ്കപ്പനും, പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന പത്തൊൻപതാമത്തെ ചരിത്ര നേട്ടമാണ് ആദ്യയുടേത്. കാലാവസ്ഥ അനുകൂല മാണെങ്കിൽ ആദ്യ ഒന്നര മണിക്കൂർ കൊണ്ട് കായൽ നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *