‘മൈക്കിന് എപ്പോഴും എന്നോട് ഇങ്ങനെയാണ്’; ഇത്തവണ ചിരിച്ച പ്രതികരണവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള അഭേദ്യ ബന്ധം എല്ലാവർക്കും അറിയവുന്നതാണ്. മുഖ്യമന്ത്രി സംസാരിക്കുന്ന അവസരങ്ങളില്‍ പണിമുടക്കി പണിവാങ്ങുന്ന രീതിയാണ് മൈക്കുകള്‍ക്ക്. വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യനുമായി പിണങ്ങിയിട്ടുണ്ട്. സ്ഥലവ്യത്യാസങ്ങളൊന്നും മൈക്കിന് ഒരു പ്രശ്‌നമല്ല. ഇന്നും ചൂടേറിയ വിഷയങ്ങളുമായി മാധ്യമങ്ങളെ കാണാന്‍ വന്ന മുഖ്യമന്ത്രിയുമായി മൈക്ക് ഒന്ന് പിണങ്ങി. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇന്ന് അലോസരങ്ങളേതുമില്ലാതെയാണ് മുഖ്യമന്ത്രി സാഹചര്യത്തെ കൈകാര്യം ചെയ്തത്.

വാര്‍ത്താ സമ്മേളനത്തിന് വന്ന മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ മൈക്കിന് എന്തോ ചെറിയ പ്രശ്‌നം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ നീരസം പ്രകടമാക്കാതെ ‘മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്’ എന്ന് ചിരിച്ചു കൊണ്ട് പ്രതികരിച്ചു. വാര്‍ത്താ സമ്മേളനത്തിന് വന്ന മാധ്യമ പ്രവര്‍ത്തകരും ചിരിയില്‍ പങ്കുചേര്‍ന്നു. പിന്നാലെ മൈക്ക് ഓപ്പറേറ്റര്‍ മൈക്ക് ശരിയാക്കി വാര്‍ത്താ സമ്മേളനം തുടര്‍ന്നു.

പല ഉദാഹരണങ്ങളും മുന്നിലുണ്ട്. ഏപ്രിലില്‍ പത്തനംതിട്ടയില്‍ അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കണക്ഷനിലെ തകരാര്‍ മൂലം മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നിരുന്നു. സൗണ്ട് ബോക്‌സിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മൈക്ക് ഒടിഞ്ഞുവീണതും വലിയ ചര്‍ച്ചയായിരുന്നു.

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മൈക്കുമായി മുഖ്യമന്ത്രിക്കുണ്ടായെങ്കിലും കേരള സമൂഹത്തില്‍ ഏറെ ചിരിപ്പിച്ച വിവാദ സംഭവമായിരുന്നു മൈക്ക് കേടായതിന് കേസെടുത്തത്. കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. എന്തായാലും ഇത്തവണ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ ചിരിച്ച് കൊണ്ട് നേരിടാനായിരുന്നു മുഖ്യമന്ത്രിക്ക് താല്‍പര്യം.

Leave a Reply

Your email address will not be published. Required fields are marked *