കുവൈത്ത് ക്യാംപിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ നൽകും

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. കൂടാതെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

അതേസമയം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.

ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *