യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കി പൈസ സമ്പാദിക്കുക എന്ന ലക്ഷ്യമാണ് യൂട്യൂബർമാർക്ക്. സിനിമകളിലെ പല സീനുകളും തിയറ്ററിൽ കണ്ട് ഹിറ്റാകുന്നതിനെകാളും കൂടുതൽ ആളുകളിലേക്ക് ഇടം പിടിക്കുന്നത് ഇത്തരം വീഡിയോയിലും റീലിലും കൂടെയാണ്. ഇത്തരത്തിൽ ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ ലോറിയ്ക്ക് പിന്നിൽ സ്വിമ്മിംഗ് പൂൾ ചെയ്തത് പോലെ ജിവിതത്തിലും ഉണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ് ഒരു യൂട്യൂബർക്ക്.
സഞ്ജു ടെക്കി എന്ന ഫെയ്മസ് യൂട്യൂബറാണ് റിച്ച് കൂട്ടാനായി അമ്പാൻ സ്റ്റൈലിൽ കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത് സംഭവം അറിഞ്ഞത്തോടെ പോലീസ് നടപടി എടുത്തിരിക്കുകയാണ്. വാഹനത്തിൽ വെള്ളം നിറച്ച് അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെ മറ്റുവാഹനങ്ങളുടേയും ആളുകളുടേയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചു എന്ന് കാണിച്ചാണ് നടപടി. ടാറ്റ സഫാരിയുടെ പിൻ സീറ്റിൽ ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചായിരുന്നു യൂട്യൂബറുടെ യാത്ര.
കാറിന്റെ മാത്രമല്ല കാറിലും പുറത്തുമുള്ളവരുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുള്ള ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയർന്നിരുന്നു. യുട്യൂബര്‍ക്കു പുറമേ മൂന്നു സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് കാര്‍ സ്വിമ്മിങ് പൂളാക്കി മാറ്റുന്നത്. ഡ്രൈവര്‍ ഒഴികെയുള്ളവര്‍ ഇരിക്കുന്നതും കിടക്കുന്നതുമോക്കെയാണ് വിഡിയോയിൽ ഉളളത്. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിങ് പൂളുമായി പോകുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
പകല്‍ സമയം ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിങ്പൂള്‍ കാറുമായി പുറത്തിറങ്ങുന്നത്. വഴിയാത്രക്കാര്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ വെള്ളത്തിന്റെ മർദം കാരണം ഡ്രൈവര്‍ സീറ്റിന്റെ സൈഡ് എയര്‍ബാഗ് പുറത്തേക്കു വന്നിരുന്നു. തുടർന്ന് വാഹനത്തിന്റെ പുറകിലത്തെ ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി.
ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.

 
                                            