മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോയുടെ വിജയത്തിന് വേണ്ടി മമ്മൂട്ടിക്ക് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയ ഓരു ആരാധകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് മമ്മൂട്ടിക്ക് വേണ്ടി ദാസ് എന്നയാൾ ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. ഇതിന്റെ വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. മമ്മൂട്ടിയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റാകണം എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് റിലീസ് ചെയ്യതത്. ടര്‍ബോ ജോസായെത്തുന്ന മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളും ഫൈറ്റ് സീനുകളും ഒരു രക്ഷയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമ ഗംഭീരമെന്നാണ് ആദ്യദിനത്തിലെ പ്രേക്ഷകപ്രതികരണങ്ങൾ. നേരത്തെ സിനിമയുടെ ബുക്കിങ്ങിനും ലോകമെമ്പാടും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. 1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് റിലീസിന് മുൻപ് തന്നെ വിറ്റഴിഞ്ഞത്. ഇതോടെ മമ്മൂട്ടിയുടെ തന്നെ ഭീഷ്‌മ പർവം എന്ന ചിത്രത്തിന്‍റെ റെക്കോർഡും ടർബോയ്‌ക്ക് തിരുത്തിക്കുറിക്കാനായി.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ടർബോ.

 
                                            