സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം.
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം കൂടാതെ ഈ സമയങ്ങളിൽ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കില്ല എന്നും അധികൃതർ ഉറപ്പുവരുത്തണം.
