തീവ്രവാദികൾക്കും കുറ്റവാളികൾക്കും വാർത്താചാനലുകളിൽ ഇടം നൽകരുതെന്ന കർശന നിർദേശവുമായി കേന്ദ്രസർക്കാർ

തീവ്രവാദം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, നിരോധിക്കപ്പെട്ട സംഘടനകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് വാർത്താചാനലുകളിൽ വേദി നൽകരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് നിയമംമൂലം നിരോധിച്ചിട്ടുള്ള സംഘടനകളിൽ പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചയ്ക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്.

ഈ ചർച്ചാ പരിപാടിയിൽ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശരാജ്യവുമായി ഉള്ള ഇന്ത്യയുടെ ബന്ധത്തിനും ഹാനികരമാകുന്ന വിധത്തിലുള്ള പരാമർശങ്ങൾ വിദേശ നടത്തിയതായി മന്ത്രാലയത്തിന്റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ പ്രവർത്തനങ്ങളോ നടത്തിയിട്ടുള്ള വ്യക്തികളുടെയോ സംഘടനകളുടെയോ റിപ്പോർട്ടുകളോ റഫറൻസുകളോ വീക്ഷണങ്ങളോ അജണ്ടകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കണമെന്ന കർശനമായ നിർദ്ദേശമാണ് കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം തന്നെ ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകൾ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *