രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്.പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് ശശി തരൂര്‍ പരിഹസിച്ചിരുന്നു.സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം.പിയുടെ പരിഹാസം. എന്നാല്‍ ശശി തരൂരിനെ വാരിയലക്കിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്വന്തം പിതാവിനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ കാര്യമൊന്നുമല്ല.
I.N.D.I.A. മുന്നണിയുടെ പേരു മാറ്റി ഭാരതം എന്ന് ആക്കിക്കളയാമെന്ന വ്യംഗ്യാര്‍ത്ഥമായി ഉദ്ദേശിച്ചെന്നു തോന്നുന്ന തരൂരിന്റെ ബാലിശയമായ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും പേരുമാറ്റ പ്രക്രിയയുടെ ചരിത്രം ഒന്നു പരിശോധിച്ചു പോകുന്നത് നന്നായിരിക്കുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.മഹാത്മാ ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്തവര്‍ അധികാരകസേരയിലിരിക്കാന്‍ സ്വീകരിച്ച കുറുക്കുവഴിയാണ് ഗാന്ധി എന്ന പേര് കുലനാമമായി സ്വീകരിച്ചത്. തരൂരിന്റെ പ്രസ്താവന കാണുമ്‌ബോള്‍ അതാണ് ആദ്യം ഓര്‍മ്മ വരുന്നത്.
ഗണ്ടിയെ ഗാന്ധിയാക്കിയതുപോലെ I.N.D.I.A. മുന്നണിയെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു ഭാരതമെന്നോ പാകിസ്ഥാനെന്നോ ചൈനയെന്നോ മാറ്റാന്‍ തരൂരിന്റെ തലത്തൊട്ടപ്പന്മാര്‍ക്ക് മടിയോ സങ്കോചമോ ലജ്ജയോ ഉണ്ടാവില്ലെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാമെന്നും കൃഷ്ണകുമാര്‍ തുറന്നടിച്ചു. 20 വര്‍ഷമായി UPA എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയെ അധികാരമോഹത്തില്‍ ഒരു സുപ്രഭാതത്തില്‍ യതൊരു ഔപചാരികതയും കൂടാതെ ചവറ്റുകുട്ടയിലെറിഞ്ഞു I.N.D.I.A മുന്നണിയുണ്ടാക്കിയവര്‍ക്ക് പേരുമാറ്റം ഒരു വിഷയമേ അല്ല.
ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ ശശി തരൂരിന് മറുപടി നല്‍കിയിരിക്കുന്നത്
