പണം കിട്ടാത്തത് വകുപ്പുകളെ ബാധിക്കുന്നതായി മന്ത്രിമാർ

മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാര്‍.വകുപ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭയില്‍ വ്യക്തമാക്കി. അതിനാല്‍ കരുതലോടുകൂടി പണം ചെലവഴിക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതും തനത് വരുമാനം ഉണ്ടാകാത്തതുമാണ് സ്ഥിതി മോശമാകാന്‍ കാരണമായത്.

സമ്ബത്തിക ഞെരുക്കത്തെ നേരിടാന്‍ പണം കരുതലോടെ വേണം ചെലവഴിക്കാന്‍ എന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഓണാഘോഷത്തെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്ബത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവര്‍ത്തിച്ചു. കേന്ദ്രനയം അടക്കമുള്ള സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം സര്‍ക്കാരിന് ചെലവ് 19,500 കോടി രൂപയാണ്. ശമ്ബളവും പെന്‍ഷനും നല്‍കാന്‍ 6000 കോടി രൂപ വേണം. പലിശ തിരിച്ചടവിന് 10,000 കോടി. ക്ഷേമപെന്‍ഷന്‍, ബോണസ്, അഡ്വാന്‍സ് എന്നിവയ്ക്കായി 3500 കോടി രൂപ വേണം. കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാന്‍ 100 കോടി രൂപ വേണം.

ചെലവുകള്‍ വര്‍ധിച്ചതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നിത്യ ചെലവിനുള്ള ബില്ലുകളുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു. ഇതില്‍ കൂടുതല്‍ തുക നല്‍കണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. 2000 കോടി രൂപ കൂടി ഈ മാസം കടമെടുക്കാന്‍ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *