മുൻ മന്ത്രി എ സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയായ എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.മൊയ്തീന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്ന മൂന്നുപേരുടേയും അക്കൗണ്ടുകളും മരവിപ്പിച്ചു. 22 മണിക്കൂര്‍ തുടര്‍ച്ചയായ പരിശോധനയ്ക്ക് ശേഷമാണ് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. ബിനാമികളില്‍ മൂന്ന് പേരോട് ഓഫീസില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം ഇഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

22 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് അവസാനിച്ചത്. ഇന്നലെ രാവിലെയാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടിലും ബിനാമികള്‍ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി മിന്നല്‍ റെയ്ഡ് നടത്തിയത്. കോടികളുടെ ബാങ്ക് തട്ടിപ്പില്‍ മൊയ്തീന് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ടാണ് ഇഡി വീട്ടിലെത്തിയതെന്ന് എസി മൊയ്തീന്‍ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇഡി സംഘം തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാക്കലല്ല ഇഡി സംഘത്തിന്റെ ലക്ഷ്യം, സംശയത്തിന്റെ മുനയില്‍ നിര്‍ത്തി വേട്ടയാടുക എന്നതാണെന്ന് മൊയ്തീന്‍ ആരോപിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും മറ്റൊരു വ്യക്തിയ്ക്ക് വായ്പ ലഭിക്കാന്‍ ഞാന്‍ സഹായങ്ങള്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്‌തെന്ന ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നില്‍ക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവില്‍ തനിക്കില്ലെന്നും മൊയ്തീന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീന്‍ വ്യക്തമാക്കി.

മൊയ്തീന്‍ സഹകരണമന്ത്രിയായിരിക്കേയാണ് കരുവന്നൂര്‍ തട്ടിപ്പ് നടന്നത്. 2016 മുതല്‍ 2018 വരെയായിരുന്നു മൊയ്തീന്‍ സഹകരണമന്ത്രിയായിരുന്നത്. ഇതിനുമുമ്‌ബേതന്നെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകാത്തതിനാല്‍ മൊയ്തീന്‍ മന്ത്രിയായിരിക്കേ സഹകരണ രജിസ്ട്രാര്‍മാരായിരുന്നവര്‍ മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ നടപടിയെടുക്കാതെ തട്ടിപ്പുമറയ്ക്കാനാണ് മൊയ്തീന്‍ ശ്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.റെയ്ഡിനിടെ എ.സി മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചിരുന്നു. മൊയ്തീന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാര്‍ച്ച്.

Leave a Reply

Your email address will not be published. Required fields are marked *