തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറഞ്ഞു. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞ അമൃത, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറയുന്നു.
മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെ ആണ് അമൃത മറ്റൊരു പരാതി നല്‍കിയത്. ‘അമൃതയുടെ മകള്‍ മരിച്ചു’ എന്ന തരത്തില്‍ ഒരു വാര്‍ത്ത ഈ ചാനലില്‍ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതായിരുന്നു വാര്‍ത്ത. എന്നാല്‍ മലയാളത്തിലെ അമൃത ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഇതിന് നല്‍കിയിരുന്നത്. ഈ വിഷയത്തിലാണ് അമൃത ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
തന്റെ വ്യക്തിത്വമാണ് ക്ലിക്ക് ബെയ്റ്റിന് വേണ്ടി യുട്യൂബ് ചാനല്‍ ചൂഷണം ചെയ്തതെന്ന് അമൃത കുറിക്കുന്നു.’എന്റെ കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന തെറ്റായ വാര്‍ത്തകള്‍, ആക്രമണങ്ങള്‍, വേദനിപ്പിക്കുന്ന ഗോസിപ്പുകള്‍.എല്ലാം വളരെ കാലമായി ഞാന്‍ സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. എന്റെ നിശബ്ദത ഇപ്പോള്‍ അവസാനിക്കുക ആണ്’, എന്ന് അമൃത കുറിച്ചു. തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമൃത വ്യക്തമാക്കി. സത്യസന്ധവും മാന്യവുമായ ഒരു ഓണ്‍ലൈന്‍ ഇടം വളര്‍ത്തിയെടുക്കാന്‍ എല്ലാവര്‍ക്കും ശ്രമിക്കാമെന്നും അമൃത പറയുന്നു.
ഗായികയും സംഗീതസംവിധായികയും ഗാനരചയിതാവും റേഡിയോ അവതാരകയുമാണ് അമൃത സുരേഷ്. 2007 ല്‍ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ടെലിവിഷന്‍ ഗാന മത്സരത്തില്‍ പങ്കെടുക്കുക വഴിയാണ് അമൃത ജനപ്രീതി നേടുന്നത്.നിരവധി സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പാടുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്.
2014ല്‍ അമൃതം ഗമയ എന്ന സംഗീത ബാന്‍ഡ് അമൃതയും സഹോദരി അഭിരാമിയും ആരംഭിച്ചു.ബാന്‍ഡ് രൂപീകരിച്ച് ആറ് മാസത്തിനുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി.ഇന്ത്യന്‍, പാശ്ചാത്യ, നാടോടി, ക്ലാസിക്കല്‍, റോക്ക് എന്നിവയുള്‍പ്പെടെ എല്ലാത്തരം വിഭാഗങ്ങളും ബാന്‍ഡ് കൈകാര്യം ചെയ്യുന്നു.

 
                                            