മാസപ്പടി വിവാദത്തില്‍ വീണ്ടും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആരോപണങ്ങളല്ല, ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ക്കെതിരായ ഈ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. മാസപ്പടി ഉള്‍പ്പെടെ നിരവധിയായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ആ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലുള്ളവരാണ് യുഡിഎഫിനെ സംവാദത്തിന് വിളിക്കുന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
സിപിഐഎം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പാര്‍ട്ടി സംരക്ഷിക്കും. ഡിവൈഎഫ്ഐ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ പുറത്തിറക്കില്ലെന്ന് ഡിവൈഎഫ്ഐക്ക് പറയാനാകില്ലെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. റവന്യു പരിശോധനാ നടപടിയില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടനും രംഗത്തെത്തി. സിപിഐഎമ്മിനോ ഏജന്‍സികള്‍ക്കോ രേഖകള്‍ പരിശോധിക്കാം. വീണ വിജയന്റെ കാര്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയുണ്ടോ എന്നും എംഎല്‍എ ചോദിച്ചു.
