മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവരുന്നതിനും ഒരുമാസം മുമ്പേ ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജൂണ്‍ 12-ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വനിതാ കമ്മീഷന് കത്തയച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.എന്നാല്‍ സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നത് വരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കയ്യും കെട്ടിയിരുന്നതായിട്ടാണ് ആരോപണം.
രണ്ടു ആക്ടിവിസ്റ്റുകളും വടക്കേ അമേരിക്കന്‍ മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷനും അതിജീവിതകളുമായി സംസാരിച്ച ശേഷം ലൈംഗികപീഡന പരാതി തയ്യാറാക്കി ദേശീയ വനിതാ കമ്മീഷന് നല്‍കി. എന്നാല്‍ കമ്മീഷനില്‍ നിന്നും ഒരു പ്രതികരണവും ഇവര്‍ക്ക് കിട്ടുകയുണ്ടായില്ലെന്നാണ് ആരോപണം. പരാതിയുടെ കോപ്പി കിട്ടിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
” മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനത്തിലേക്കും മാനുഷിക പ്രതിസന്ധിയിലേക്കും അടിയന്തിരമായി നിങ്ങളുടെ ഗൗരവമേറിയ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മെയ്തേയ് വിഭാഗങ്ങള്‍ നടത്തിയ കുക്കി-സോമി ആദിവാസി സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ അഭിസംബോധന ചെയ്യാനും അപലപിക്കാനും പ്രത്യേകമായി, ഞങ്ങള്‍ അടിയന്തിര അഭ്യര്‍ത്ഥന നടത്തുന്നു എന്നായിരുന്നു പരാതിയില്‍ കുറിച്ചിരുന്നത്.
അതേസമയം ഇക്കാര്യത്തില്‍ അനേകം പരാതികള്‍ കിട്ടിയിരുന്നതായും അവ സംസ്ഥാന സര്‍ക്കാരിന് നടപടി ആവശ്യപ്പെട്ട് ഫോര്‍വേഡ് ചെയ്തിരുന്നതായുമാണ് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാശര്‍മ്മ പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും ഇക്കാര്യത്തില്‍ ദേശീയ വനിതാക്കമ്മീഷനെ താഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പരാതി സ്വീകരിക്കപ്പെട്ടത് ജൂണിലാണെന്നാണ് രേഖകര്‍ പറയുന്നത്. എന്നാല്‍ വനിതാ സംഘടനകളില്‍ നിന്നും മെയ് 29 ന് പരാതി സ്വീകരിച്ചതായിട്ടാണ് ശര്‍മ്മ പറയുന്നത്. പിന്നീട് വീഡിയോ പുറത്തുവന്ന് വന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ പോലീസിനോട് മതിയായ നടപടിയെടുക്കാന്‍ ദേശീയ വനിതാകമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരാന്‍ സിംഗിനെ വിളിച്ചെന്നും അദ്ദേഹം അദ്ദേഹം ഒരു വിവങ്ങളും തന്നില്ലെന്നും രേഖാശര്‍മ്മ പറഞ്ഞു.
