ചലച്ചിത്രപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ജൂലൈ 19 ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ചലച്ചിത്ര പുരസ്കാരങ്ങള്‍ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും തുടര്‍ന്നുള്ള ദു:ഖാചാരണവും പരിഗണിച്ച് ജൂലൈ 21 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ മുമ്പ് അറിയിച്ചത് പോലെയെങ്കില്‍ പകല്‍ 11 മണിയോടെ പുരസ്കാര പ്രഖ്യാപനങ്ങള്‍ വന്നു തുടങ്ങും.
ഏതൊരു അവാര്‍ഡ് ദാന ചടങ്ങിനേയും പോലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും ജനങ്ങള്‍ അക്ഷമയുടെ കാത്തിരിക്കുന്നത് മികച്ച നടന്, മികച്ച നടി, മികച്ച സംവിധായകന്, മികച്ച ചിത്രം എന്നിവ ഏതാണെന്ന് അറിയാന്‍ തന്നെയാവും. മുന്‍കാലങ്ങളിലെ സംഭവ വികാസങ്ങളെ പരിഗണിച്ചാല്‍ പുരസ്കാരം ലഭിക്കുന്നവരുടെ ഏകദേശ ചിത്രം മുന്‍പേ തന്നെ ലഭ്യമായിരിക്കും. എന്നാല്‍ അടുത്തകാലങ്ങളിലായി പ്രതീക്ഷകളെ കാറ്റില്‍ പറത്തിയും മുന്‍ധാരണകളെ അപ്രസക്തമാക്കിയുമാണ് പുരസ്കാര ദാനങ്ങളത്രയും. ഇതിനോടൊപ്പം കട്ടക്ക് നില്ക്കുന്ന ചിത്രങ്ങളും അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയങ്ങളും ചേര്‍ന്നതോടെ ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം ഇച്ചിരി കടുപ്പമാവുമെന്ന് ഉറപ്പാണ്.
പുരസ്കാരദാനത്തില്‍ തന്നെ ഏറെപേര്‍ ഉറ്റുനോക്കുന്നത് മികച്ച നടന് ആരാവുമെന്നാണ്. കാരണം പ്രായത്തെ എണ്ണമാക്കി ഒതുക്കി തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയും, പഴയ ചോക്ലേറ്റ് ഫാമിലിമാന് കഥാപാത്രങ്ങള്‍ക്ക് വിട നല്കി വേറിട്ട വേഷങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തി മുന്നേറുന്ന കുഞ്ചാക്കോ ബോബനുമാണ് മികച്ച നടന് എന്ന പുരസ്കാരത്തിനായി മാറ്റുരക്കുന്നത്.
സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ‘പുഴു’, സൈക്കോളജിക്കല്‍ ത്രില്ലെര്‍ വിഭാഗത്തില്‍ പെടുന്ന ‘റോഷാക്ക്’, മലയാളം തമിഴ് ഡ്രാമയില്‍ ഉള്‍പ്പെടുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് മത്സരിക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’, ‘പട’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് കുഞ്ചാക്കോ ബോബന് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ജനസ്വീകാര്യതയിലും സൂക്ഷ്മാഭിനയത്തിലും ഒരുപോലെ മുന്നിട്ട് നില്ക്കുന്ന ചിത്രങ്ങളില്‍ ഏത് മികച്ചതെന്ന് കണ്ടെത്തുന്നതില്‍ ബംഗാളി ചലച്ചിത്ര ഇതിഹാസം ഗൗതം ഘോഷ് അധ്യക്ഷനായ ജൂറി പാടുപെട്ടുകാണുമെന്ന് തീര്‍ച്ചയാണ്. ‘ജനഗണമന’, ‘തീര്‍പ്പ്’ എന്നിവയിലെ അഭിനയത്തിന് പ്രിത്വിരാജ് സുകുമാരനും, ഉടലിലെ കുട്ടിച്ചായനായുള്ള പകര്‍ന്നാട്ടത്തിന് ഇന്ദ്രന്‍സും, അപ്പനിലെ മാസ്മരിക പ്രകടനത്തിന് അലന്‍സിയറും ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ ഇവര്‍ പുറത്താവുകയായിരുന്നു.
പരിഗണിച്ച ചിത്രങ്ങളിലെ അഭിനയം മാത്രം പരിഗണിച്ചാല്‍ മികച്ച നടനായി പരിഗണിക്കുന്ന മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും ഏതാണ്ട് ഒരേ മാര്‍ക്ക് നല്‍കാനേ ജൂറിക്ക് കഴിയുകയുള്ളു. ഇതില്‍ തന്നെ അഭിനയത്തിലെ ഭാവഭേദങ്ങളെ ഫലിപ്പിച്ച രീതിയും ഒഴുക്കും പരിഗണിച്ചാല്‍ മമ്മൂക്കയ്ക്ക് നറുക്ക് വീഴും.
ജനം ഏറ്റെടുത്തതും സാമൂഹ്യപ്രതിബദ്ധതയും ചര്‍ച്ചയായാല്‍ ന്നാ ‘താന്‍ കേസ് കൊട്’ ചാക്കോച്ചനെ മികച്ച നടനായി പ്രഖ്യാപിക്കും. ഇത് രണ്ടിലും തുല്യത പാലിച്ചാല്‍, മുന്‍പ് ചാര്‍ളിയിലൂടെ ദുല്കറിനെ പരിഗണിച്ചത് പോലെ വേറിട്ട അവതരണ രീതിയും ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്ക്രീന്‍പ്ലേയും അംഗീകരിക്കപ്പെടും. അത്തരത്തിലായാല്‍ മലയാളികള്‍ക്ക് അന്യമായ സൈക്കോളജിക്കല്‍ ത്രില്ലെര്‍ ഇനത്തില്‍ റോഷാക്കിലൂടെ മമ്മൂട്ടി തന്റെ ഏട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മുത്തമിടും. ഇതൊന്നുമല്ലാത്ത ആത്ഭുതങ്ങള്‍ സംഭവിച്ചാല്‍ കുഞ്ചാക്കോ ബോബന് മികച്ച നടനായുള്ള തന്റെ ആദ്യ സംസ്ഥാന പുരസ്കാരം ഷെല്ഫിലുമെത്തിക്കും.
