ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍; ആത്മനിർഭരത കൊവിഡാനന്തരലോകത്തിന്‍റെ മന്ത്രമാകും: വി.മുരളീധരൻ

കൊച്ചി : കോവിഡാനന്തരലോകത്തിന്‍റെ മന്ത്രമായി ആത്മനിർഭരത  മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ആത്മനിർഭര സങ്കൽപ്പം ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേക്ക് എത്തിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.

കൊച്ചിയിൽ നടന്ന നരേന്ദ്രമോദി ദർശനങ്ങളും ദൌത്യങ്ങളുമെന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യം, സമ്പദ്‌വ്യവസ്ഥ, സമൂഹം, വ്യക്തികള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്.  ഇന്ന് പ്രതിരോധമേഖല വരെ ആത്മനിര്‍ഭരതയിലേക്കുള്ള പ്രയാണത്തിലാണ്. എല്ലാവരില്‍ നിന്നും അകന്നു നില്‍ക്കുന്ന ഇന്ത്യയല്ല മറിച്ച് പ്രധാന ലോകശക്തിയായ ഇന്ത്യയാണ് നരേന്ദ്രമോദിക്ക് കീഴില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് ഒരു നേതാവും ഇത്രദീര്‍ഘവീക്ഷണമുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടാവില്ലെന്നും 2047 ആകുമ്പോഴേക്കും രാജ്യം വികസിത രാജ്യമായി മാറുമെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ രാഷ്ട്രശില്‍പികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കനുള്ള റോഡ്‌മാപ്പ് തയാറാക്കുകയാണ് പ്രധാനമന്ത്രിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.


ജനങ്ങളുടെ ജീവിതം സുഖകരവും  വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്ന പദ്ധതികൾ ഇനിയുമുണ്ടാകും. ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച ജനക്ഷേമനയങ്ങൾക്കായി കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികൾ മന്ത്രി സെമിനാറിൽ വിശദീകരിച്ചു. സാങ്കേതികവിദ്യയലിധിഷ്ഠിതമായ ഭരണനിര്‍വഹണം, മാക്സിമം ഗവേര്‍ണന്‍സ്, മിനിമം ഗവര്‍ണ്‍മെന്‍റ്, ഈസ് ഓഫ് ലിവിങ്, ഈസ് ഓഫ് ഡൂയിങ് ബിസിനസ്, അടിസ്ഥാനസൗകര്യവികസനം, ജനങ്ങളുടെ വിശ്വാസം എന്നിങ്ങനെയുള്ള മോദിയുടെ പഞ്ചതത്വങ്ങളിലധിഷ്ഠിതമായ ഭരണരീതിയും വിദ്യാർത്ഥികൾ ഉൾപ്പെട്ട സദസിൽ മന്ത്രി അവതരിപ്പിച്ചു.


ദുരന്തമുഖത്ത് ജനങ്ങള്‍ക്കിടയില്‍ ആയിരിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ശൈലിയെന്നും കേരളം പലഘട്ടത്തില്‍ അനുഭവിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഡോ.കെ.എസ് രാധാകൃഷ്ണൻ, പ്രൊഫസർ. ഡോക്ടർ.എം അബ്ദുൾ സലാം, ഡോക്ടർ വി.കെ.വിജയകുമാർ,  മുതിർന്ന മാധ്യമപ്രവർത്തകൻ രാമചന്ദ്രൻ എന്നിവരും സെമിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *