ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിന് ശക്തമായ താക്കീതുമായി ഇന്ത്യ. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുതെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.
മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്. ടീസ്റ്റ സെതൽവാദിനെയും മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്തതിനെതിരെ യു.എൻ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു. ടീസ്റ്റയെ ഉടൻ വിട്ടയക്കണമെന്നും വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകൾക്കായി പ്രവർത്തിച്ച ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. സുബൈറിനെ വർഷങ്ങൾക്ക് മുമ്പുള്ള ട്വീറ്റിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്. ഒരു സിനിമയിൽ നിന്നുള്ള ദൃശ്യം പങ്കുവെച്ചതിന് മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.
