കുട്ടിയെ നേരത്തെ കണ്ടു വച്ചു; അതിക്രമം സ്വബോധത്തോടെ ;പെരുമ്പാവൂരിലെ സംഭവത്തിന് പിന്നിലും ക്രിസ്റ്റിൽ രാജോ ?

ആലുവ ആലുവ എടയപ്പുറത്ത് വീട്ടിനുള്ളില്‍ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിനെ (27) ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷകസംഘം ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ നേരത്തേ കണ്ടുവച്ചിരുന്നതായും വെളിപ്പെടുത്തി. പീഡനം, കവര്‍ച്ച എന്നീ ലക്ഷ്യങ്ങളോടെയാണ് വീട്ടില്‍ എത്തിയത്. വീടിനുസമീപത്ത് നേരത്തേയും വന്നിട്ടുണ്ട്. എന്നാല്‍, അന്നത്തെ നീക്കം വിജയിച്ചിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അനുജന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ബുധന്‍ രാത്രി ഇരുവരും വീട്ടിലുണ്ടാകില്ലെന്ന് കുട്ടിയുടെ അച്ഛന്റെ
പരിചയക്കാരായ അതിഥിത്തൊഴിലാളികളില്‍നിന്ന് മനസ്സിലാക്കി. നേരത്തേതന്നെ വീടിനുസമീപത്തെത്തി ഒളിച്ചിരുന്നു. കുട്ടിയുടെ അച്ഛനും അനുജനും പോയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങള്‍.

ബലാത്സംഗം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ്. സ്വബോധത്തോടെയായിരുന്നു കൃത്യമെന്നും പ്രതി ലഹരിയിലായിരുന്നില്ലെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞു.

2021-ലും 2022-ലും മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചതിന് ക്രിസ്റ്റിന്‍ രാജിനെതിരെ പെരുമ്പാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ആലുവയില്‍ സംഭവിച്ചതിനു സമാന സംഭവമാണ് പെരുമ്പാവൂരിലും നടന്നത്. ഫോണ്‍ മോഷണവും തുടര്‍ന്ന് പീഡന ശ്രമവുമാണ് ഉണ്ടായത്. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ അന്ന് പോലീസ് കേസെടുത്തിരുന്നില്ല.
മേഖലയെ പറ്റി അറിയാവുന്ന ആളായതിനാല്‍ ക്രിസ്റ്റിന്‍ രാജ് തന്നെയായിരിക്കാം പെരുമ്പാവൂരിലെ സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് പരിശോധന നടത്തിനിര്‍ണായക തെളിവുകള്‍ കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *