14 വിഭവങ്ങളുമായി ഏപ്രിലിലെ ‘സ്പെഷ്യൽ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ കമീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ ‘സ്പെഷല്‍ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. കിറ്റുകള്‍ റേഷന്‍ കടകളിലെത്തി.രാവിലെയോടെ ഇ-പോസ് മെഷീനില്‍ ക്രമീകരണങ്ങള്‍ വരുത്തി അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് (മഞ്ഞക്കാര്‍ഡ്) ആദ്യഘട്ട കിറ്റുകള്‍ വിതരണം ചെയ്യും.

20 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനുമുള്ള ഏപ്രിലിലെ കിറ്റ് വിതരണം പൂര്‍ത്തിയാക്കും. മാര്‍ച്ച്‌ മാസത്തെ കിറ്റും ലഭിക്കും. ഫെബ്രുവരിയിലെ കിറ്റ് ഈ മാസം 31 വരെ വാങ്ങാം. 80 ലക്ഷത്തോളം പേര്‍ ഇതിനകം ഫെബ്രുവരിയിലെ കിറ്റ് കൈപ്പറ്റി.ഏപ്രില്‍ മാസത്തെ സ്പെഷല്‍ കിറ്റ് ഈ മാസം 25 മുതല്‍ വിതരണം ചെയ്യാനായിരുന്നു ആലോചന. എന്നാല്‍, ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

ഇതില്‍ കമീഷന്‍ സര്‍ക്കാറിനോട് വിശദീകരണവും തേടി. കോവിഡ് കാലത്തിെന്‍റ തുടര്‍ച്ചയായാണ് കിറ്റ് വിതരണമെന്നും ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യാന്‍ ഫെബ്രുവരി 16ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെന്നും ഭക്ഷ്യസെക്രട്ടറി കമീഷനെ അറിയിച്ചു.
ഏപ്രിലില്‍ വിശേഷദിനങ്ങള്‍ വരുന്നത് പ്രമാണിച്ച്‌ ആ മാസത്തില്‍ വിതരണം ചെയ്യുന്ന കിറ്റില്‍ 14 ഇന ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഫെബ്രുവരിയിലെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

നാലുമാസത്തെ ഭക്ഷ്യക്കിറ്റിന് 1475.50 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. വിഷുവിന് മുമ്ബ് കിറ്റ് എത്തിക്കുന്നതിെന്‍റ ഭാഗമായാണ് 25ഓടെ വിതരണം ആരംഭിക്കാന്‍ നിശ്ചയിച്ചതെന്നും ഭക്ഷ്യസെക്രട്ടറി പി. വേണുഗോപാല്‍ കമീഷനെ അറിയിച്ചു. മാര്‍ച്ച്‌, ഏപ്രില്‍ മാസത്തെ സ്പെഷല്‍ അരി വിതരണം തടഞ്ഞ കമീഷന്‍ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച്‌ അഡ്വക്കറ്റ് ജനറലുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *