എളമരംകരീം മാപ്പ് പറയണം: വി.മുരളീധരന്‍

ഡല്‍ഹി : ശ്രീമതി പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. പി.ടി.ഉഷയുടെ രാജ്യസഭാ നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മന്ത്രി പ്രതികരിച്ചു.

കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കുകയാണ് എളമരം കരീം. ട്രാക്കില്‍ മെഡലുകള്‍ വാരിക്കൂട്ടിയപ്പോഴും വിരമിച്ച ശേഷം പരിശീലകയുടെ കുപ്പായമണിഞ്ഞപ്പോഴും ശ്രീമതി ഉഷ കായികമേഖലയോട് പുലര്‍ത്തിയ പ്രതിബദ്ധതയ്ക്കും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണ് രാജ്യസഭാ നാമനിര്‍ദേശം. രാജ്യസഭാ എംപി എന്ന നിലയില്‍ കായികലോകത്തിന് പുതിയ ചിന്തകളും നിര്‍ദേശങ്ങളും പകരാന്‍ ഉഷയ്ക്ക് കഴിയും.

ഉഷയുടെ വരവ് സഭയുടെ ഔന്നത്യമുയര്‍ത്തുന്ന സാന്നിധ്യമെന്ന് എല്ലാമലയാളികളും ഒരുപോലെ പറയുമ്പോള്‍ അതില്‍ വിഷവായന നടത്തുന്നത് അപലപനീയം തന്നെയെന്നും നിലവാരമില്ലാത്ത പരാമര്‍ശം പിന്‍വലിച്ച് എംപി മാപ്പുപറയുക തന്നെ വേണമെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *