ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജാക്കി ചാന്റെ ആഗ്രഹപ്രകടനം. 67 കാരനായ ജാക്കി ചാന്‍ ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്. നേരത്തെ ചൈനയിലെ ജനാധിപത്യ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെ പിന്തുണച്ചതിന്റെ പേരില്‍ ജാക്കി ചാന്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുളളതാണ്.
ജാക്കി ചാന്‍ സിപിസിയില്‍ ചേരാനുളള ആഗ്രഹം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മഹത്തരമാണെന്നും പറഞ്ഞതെല്ലാം നടപ്പാക്കുമെന്നും ജാക്കി ചാന്‍ പറഞ്ഞു. അതിനാല്‍ താന്‍ സിപിസി അംഗമാകാന്‍ ആഗ്രഹിക്കുന്നു. പ്രൊഫഷണല്‍സ് ഉള്‍ക്കൊള്ളുന്ന സിപിസിയുടെ ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സുലേറ്റീവ് കോണ്‍ഫറന്‍സ് അംഗമാണ് ജാക്കി ചാന്‍.
താന്‍ നിരവധി രാജ്യങ്ങളില്‍ പോയിട്ടുളളതാണ്. അതുകൊണ്ട് തന്നെ സമീപകാലത്തായി ചൈന വളരെ വേഗത്തില്‍ വളരുന്നു എന്ന് പറയാനാവും. എവിടെ പോയാലും ചൈനക്കാരനാണ് എന്നതില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെ അഞ്ച് നക്ഷത്രമുളള ചുവന്ന പതാകയ്ക്ക് ലോകമെമ്പാട് നിന്നും ആദരവ് ലഭിക്കുന്നുവെന്നും ജാക്കി ചാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2019ല്‍ ഹോങ്കോങില്‍ നടന്ന പ്രക്ഷോഭത്തിലാണ് ജാക്കി ചാന്‍ സര്‍ക്കാരിനൊപ്പം നിന്നത്.
ലോകമെമ്പാടും ആരാധകരുള്ള ജാക്കി ചാന്‍ ഹോളിവുഡ് ആക്ഷന്‍ കോമഡി ചലച്ചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കിയ വ്യക്തിയാണ്. സംവിധായകനായും കഴിവ് തെളിയിച്ചു. സിനിമകളിലൂട കുന്‍ഫു എന്ന അയോധനകലയെ ജനപ്രീയമാക്കുന്നതിലും ജാക്കി ചാന്‍ വഹിച്ച പങ്ക് വലുതാണ്. 1960കളുടെ തുടക്കം മുതല്‍ സിനിമാ ലോകത്ത് സജീവമായ താരം 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 
                                            