സജ്‍ഞു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സബ കരീം. ഐ.പി.എല്‍ ഫൈനലില്‍ സഞ്‍ജുവിന്റെ മോശം പ്രകടനത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രശംസയുമായി വിക്കറ്റ് കീപ്പര്‍ സബ കരീം രംഗത്തെത്തിയത്.
”സഞ്ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്താനും വേഗത്തില്‍ റൺസ് നേടാനും മികച്ച ബൗളർമാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാനുമാണ് സഞ്ജു ശ്രമിച്ചത്. സഞ്ജു വ്യക്തിഗത പ്രകടനത്തേക്കാളുപരി ടീമിന്‍റെ നേട്ടത്തിനായാണ് കളിച്ചത്. പലതവണ സഞ്ജു അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഫൈനല്‍ പോലെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ വേണ്ട കളികളില്‍ റൺസ് കണ്ടെത്തുവാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്, ടൈമിങ്ങും… നായകന്‍റെ ഉത്തരവാദിത്തം കൂടി ലഭിച്ചപ്പോള്‍ സഞ്ജുവിൻ്റെ ബാറ്റിങ് കൂടുതല്‍ നന്നായിട്ടുണ്ട്. കൂടുതൽ സ്ഥിരതയുള്ള ബാറ്ററായി അയാള്‍ മാറിയിരിക്കുന്നു”. സബ കരിം വ്യക്തമാക്കി.

 
                                            