തിരുവനന്തപുരം: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്. വികസനം വേണമെന്ന് പറയുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോൾ ഇടതുപക്ഷം ജയിച്ചില്ലേ? ഒരിക്കലും ജയിക്കാത്ത പാലായിൽ ജയിച്ചില്ലേ? കോന്നി, ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളിൽ വരുന്ന മാറ്റമാണ് ഇലക്ഷനിൽ പ്രതിഫലിക്കുക. രാഷ്ട്രീയ സ്ഥിതി നമുക്കനുകൂലമാണ്”, കോടിയേരി പറഞ്ഞു.
കുരങ്ങൻമാർ, അവർക്ക് എവിടെയെങ്കിലും വോട്ടുണ്ടോ? നമ്മുടെ സർക്കാർ കുരങ്ങന്മാർക്ക് ഭക്ഷണം കൊടുക്കുന്നു. അവർക്ക് വോട്ടുണ്ടോയെന്ന് നോക്കിയിട്ടല്ല ഭക്ഷണം കൊടുത്തത്. ഇവിടെ എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ സാമ്പത്തികമായി വിഭവമില്ല. അതിന് പരിഹാരം കാണാൻ ഇടതുപക്ഷ സർക്കാർ കിഫ്ബി പദ്ധതിക്ക് രൂപംകൊടുത്തു. ആ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു, നടക്കാനേ പോകുന്നില്ലെന്ന്. പക്ഷേ യാഥാർഥ്യമായില്ലേ? 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 70,000 കോടി രൂപയുടെ പദ്ധതിയാണ് ഇതുവരെ നടപ്പാക്കിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
