മുക്കം: ആശുപത്രി വികസനത്തിനായി രാഹുൽ ഗാന്ധി അനുവദിച്ച ഫണ്ട് നിരസിച്ച് മുക്കം നഗരസഭ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വോണ്ടെന്നാണ് മുക്കം നഗരസഭ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
സിപിഎം നേതൃത്വം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയ താല്‍പര്യം വച്ചാണ് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വേണ്ടെന്ന് വച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ പണം ഈ വര്‍ഷം തന്നെ ചെലവിടണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലാത്തതിനാലാണ് ഫണ്ട് വേണ്ടെന്ന് വച്ചതെന്ന് നഗരസഭയുടെ വിശദീകരണം.
വികസന ഫണ്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി അനുവദിക്കുന്ന തുക കൊണ്ട് ആശുപത്രി വികസനം നടത്തിയാല്‍ അതിന്‍റെ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിന് കിട്ടുമെന്നത് മാത്രമല്ല തൊട്ടടുത്ത് പാര്‍ട്ടി നിയന്ത്രണത്തിലുളള എംഎഎസ് സഹകരണ ആശുപത്രിക്കത് കോട്ടമാകുമെന്ന് കൂടി കണക്കിലെടുത്താണ് സിപിഎം ആശുപത്രി വികസനത്തെ എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ മുക്കം നഗരസഭ ചെയര്‍മാന്‍ പിടി ബാബു ഈ ആരോപണത്തെ പൂര്‍ണമായി തളളുകയാണ്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ സമഗ്ര വികസനത്തിനുളള മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അനുവദിച്ച തുക കൂടി ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അനുവദിച്ച 40 ലക്ഷം ഈ വര്‍ഷം തന്നെ ചെലവിടണമെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് തുക വേണ്ടെന്ന് അറിയിച്ചത്.
