ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫർ അരുൺരാജ് ഒരുക്കിയ കൺസപ്റ്റ് ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു. നിരവധിപേരാണ് ഇത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അച്ഛനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ അച്ഛന് അഭിമാനത്തോടെ നിൽക്കാൻ അവസരം ഒരുക്കുന്ന മകളാണ് ഫോട്ടോഷൂട്ടിലെ നായിക.
ശ്രദ്ധേയമായ കൺസപ്റ്റ് ഷൂട്ടുകൾ അരുൺ രാജ് മുൻപും ഒരുക്കിയിട്ടുണ്ട്. സ്ത്രീപക്ഷ ആശയങ്ങളായിരുന്നു ഇവയിൽ ഏറെയും. ഇതു മുൻനിർത്തി പലരും വിമർനം ഉന്നയിച്ചിരുന്നു. സ്ത്രീ സംബന്ധമായ വിഷയങ്ങൾ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്നതിനാലാണ് ഇത്തരം ഷൂട്ടുകൾ ചെയ്യുന്നത് എന്നായിരുന്നു വിമർശനം. ഇതാണ് ഒരു അച്ഛന്റെ ജീവിതം ആസ്പദമാക്കിയുള്ള ഫോട്ടോ സ്റ്റോറി ചെയ്യാൻ അരുണിന് പ്രചോദനമായത്.
മുന്നൊരുക്കത്തിനായി ഒരുപാട് സമയം കിട്ടിയില്ലെങ്കിലും പരമാവധി മികച്ചതാക്കാൻ ശ്രമിച്ചുവെന്ന് അരുൺ പറയുന്നു. നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു. ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അരുൺ. ബിപിൻ, അനർഘ സനൽകുമാർ, അനന്തു.കെ.പ്രകാശ് എന്നിവരാണ് അഭിനേതാക്കൾ.
