ന്യൂഡല്‍ഹി : ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ത്യയില്‍ വികസന പദ്ധതികളുടെ പാളം തെറ്റിക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
ഇന്ത്യയില്‍ വികസനത്തിന് തടസം സൃഷ്ടിക്കുന്നവര്‍ക്കുവേണ്ടി തയ്യാറാക്കിയതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വികസനം ഇഷ്ടപ്പെടാത്തവരാണ് ഇതിന് പിന്നില്‍ എന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ദഹിക്കാത്ത ചില ശക്തികള്‍ ഉണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഇന്ത്യയുടെ വികസനയാത്രയെ തടസ്സപ്പെടുത്താന്‍ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പുരോഗതിയെ തടസ്സപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി ഉന്നതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ന്നത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണന്നും അമിത് ഷാ നിഷേധിച്ചു.
നിലവിലെ മണ്‍സൂണ്‍ സെഷനില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. കൃഷിക്കാര്‍, ചെറുപ്പക്കാര്‍, സ്ത്രീകള്‍, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പ്രധാന ബില്ലുകളുടെ അവതരണത്തിനും ചര്‍ച്ചയ്ക്കും വേണ്ടി തയ്യാറെടുക്കുകയാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് പറഞ്ഞതാണ്.
സ്ത്രീകള്‍, എസ്സി, എസ്ടി, ഒബിസി അംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര മന്ത്രിസഭ വിപുലീകരിച്ചിരുന്നു. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില ശക്തികളുണ്ട്. ദേശീയ പുരോഗതിയെ വഴിതെറ്റിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
