ദേശിയ ചലച്ചിത്ര പുരസ്‌കാരം ;അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഗാംഗുഭായ് ഗംഗുഭായ് കത്തിയാവഡിയിലെ പ്രകടനത്തിനാണ് ആലിയക്ക് പുരസ്‌കാരം. മിമി എന്ന ചിത്രമാണ് കൃതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മാധവന്‍ സംവിധാനം ചെയ്ത റൊക്കട്രിയാണ് മികച്ച ഫീച്ചര്‍ സിനിമ. നിഖില്‍ മഹാജന്‍ ആണ് മികച്ച സംവിധായകന്‍. ഗോദാവരി എന്ന മറാഠി ചിത്രത്തിലൂടെയാണ് പുരസ്‌കാരം.

ഇത്തവണയും അഭിമാനകരമായ നേട്ടങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്ജയ് ലീല ഭന്‍സാലിയും ഉത്കര്‍ഷനി വസിഷ്തയ്ക്കും പുരസ്‌കാരം ലഭിച്ചു. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം സ്വന്തമാക്കി. റോജിന്‍ പി തോമസ് സംവിധാനം ചെയ്ത ഹോം ആണ് മികച്ച മലയാള സിനിമ. ഹോമിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു.

സര്‍ക്കാര്‍ ഉദ്ദം മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 777 ചാര്‍ലി മികച്ച കന്നട ചിത്രമായും കടൈസി വിവസായി മികച്ച തമിഴ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആക്ഷന്‍ ഡയറക്ഷന്‍, കൊറിയോഗ്രാഫി, മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആര്‍ആര്‍ആര്‍ സ്വന്തമാക്കി. ആര്‍ആര്‍ആറിലൂടെ കീരവാണി മികച്ച പശ്ചാത്തല സംഗീതത്തിനും പുഷ്പയിലൂടെ ദേവീശ്രീ പ്രസാദും മികച്ച സംഗീതത്തിനുള്ള പുരസ്‌കരത്തിനും അര്‍ഹരായി. കാലഭൈരവയാണ് മികച്ച ഗായകന്‍. ശ്രേയ ഘോഷാല്‍ ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരുണ്‍ അശോകിനും സോനു കെ പിക്കും ചവിട്ട് എന്ന ചിത്രത്തിലൂടെ മികച്ച സിങ്ക് സൌണ്ടിനുള്ള പുരസ്‌കാരം ലഭിച്ചു. മിമിയിലൂടെ പങ്കജ് ത്രിപാഠി സഹനടനായും കശ്മീര്‍ ഫയല്‍സിലൂടെ പല്ലവി ജോഷി സഹനടിയായും മാറി. ഏക് ഥാ ഗാവ് ആണ് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം. ബാലെ ബംഗാര, ബാലെ ബംഗാര, ദ ഹീലിംഗ് ടച്ച്, ഏക് ദുവ എന്നീ സിനിമകള്‍ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. അഥിതി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് മികച്ച ആനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

സിര്‍പ്പങ്കളിന്‍ സിര്‍പ്പങ്കളാണ് മികച്ച വിദ്യാഭ്യാസ ചിത്രം. ആര്‍ എസ് പ്രദീപ് സംവിധാനം ചെയ്ത മുന്നാം വളവ് എന്ന സിനിമയാണ് മികച്ച പരിസ്ഥിതി ചിത്രം. മികച്ച എന്‍വിയോണ്‍മെന്റ് കോണ്‍വര്‍സേഷന്‍, പ്രിസര്‍വേഷന്‍ സിനിമയായി ആവാസവ്യൂഹവും തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി ആന്‍ഡ് കമ്പനിയാണ് മികച്ച കുട്ടികളുടെ ചിത്രം. ഭവിന്‍ റബാരി ആണ് മികച്ച ബാലതാരം.

2021ല്‍ സെന്‍സറിങ് പൂര്‍ത്തിയാക്കിയ സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിച്ചത്. 23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്. കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 11 അവാര്‍ഡുകളായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളി നേടിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നടന്‍ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപര്‍ണയുടെ പുരസ്‌കാര നേട്ടം. മികച്ച സംവിധായകനുള്ള അവാര്‍ഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *