തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടയുടനെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമനസേന എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം.
പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കാറിന്റെ എ.സിക്കുണ്ടായ തകരാര്‍ മൂലം വര്‍ക്ക്ഷോപ്പില്‍ എത്തി പരിഹരിച്ച് മടങ്ങുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ കാറില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറിങ്ങി. പിന്നീട് അഗ്‌നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
