ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാന പര്യടനം ; തിരിച്ചുവരവിന്റെ സൂചന കടുപ്പിച്ച് ശശികല

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന കടുപ്പിച്ച് വി.കെ. ശശികല. ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാനപര്യടനം നടത്തി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരെ കാണാനാണ് ശശികലയുടെ തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകന്‍ ജീവാനന്ദവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് അഞ്ചിനുശേഷം മറീനയിലെ ജയലളിതാസ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അതിനുശേഷം നിങ്ങളെ കാണാന്‍ ഞാനെത്തും’ എന്നാണ് ശശികല ഫോണില്‍ അറിയിച്ചത്.

അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികല യാത്രയായത് ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചശേഷമായിരുന്നു. ശക്തിയോടെ പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് മൂന്നുതവണ നിലത്തടിച്ച് ശപഥംചെയ്തശേഷമായിരുന്നു അവരുടെ ജയില്‍യാത്ര. ജയലളിതാസ്മാരകത്തില്‍ വീണ്ടും സന്ദര്‍ശിക്കുമെന്ന് അറിയിച്ചത് കാര്യമായ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണെന്നാണ് സൂചന.

സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ശശികല ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ.യില്‍ സജീവമാകാന്‍ കഠിനശ്രമം നടത്തുന്നത്. ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് എ.ഐ.എ..ഡി.എം.കെ കോ-ഓര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വവും ജോയന്റ് കോ- ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *