മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള കോവിഡ് ആശുപത്രിയിൽ തീപിടിച്ചു. തീപിടുത്തത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. 27 ഓളം രോഗികളെയാണ് ആശുപത്രിയിൽ നിന്നും മാറ്റിയത്. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ഒരാശുപത്രിയിലായിരുന്നു തീപിടുത്തം. ഇതിൽ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു. രണ്ടാം നിലയിലുള്ള ഐസിയുവിലെ എ.സി യൂണിറ്റിൽ നിന്നാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തീ മറ്റ് നിലകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
