ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.

രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങള്‍ക്കിവിടെ സുഖമായി കഴിയണമെന്ന വ്യാമോഹമാണ് മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസ്സിന് അനുകൂല പ്രസ്താവനകള്‍ നടത്തുന്നതിനു പിന്നില്‍. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി നിശബ്ദമാക്കാന്‍ ഫാഷിസ്റ്റുകള്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ ലീഗ് നേതാക്കള്‍ക്ക് മനസിലാകാത്തതു കൊണ്ടല്ല.  സംഘപരിവാര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളാലാവും വിധം സഹായിക്കാനുള്ള ലീഗ് നീക്കം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന്  തുല്യമാണ്.  

കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ഇഡി ഊഴം കാത്തിരിക്കുകയാണെന്ന ഭയവും ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍ക്കു പിന്നിലുണ്ട്. കഴിഞ്ഞ 97 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് എന്താണെന്ന് ലീഗ് നേതാക്കള്‍ക്ക് നാളിതുവരെ തിരിച്ചറിയാനാവാത്തത് അപകടകരമാണ്. രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കളെയും സ്വതന്ത്ര ചിന്തകാരെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇ ഡിയുടെ നടപടിയെക്കുറിച്ച് ലീഗിന്റെ നിലപാട് തന്നെയാണോ യുഡിഎഫിനും എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *