ദില്ലി: ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര . നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ ഇന്നലെ താരങ്ങൾക്കതിരെ രംഗത്തുവന്നിരുന്നു. തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പ ടി ഉഷ പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും പി ടി ഉഷ പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമാണെന്ന് ദില്ലി പോലീസ് അറിയിച്ചെങ്കിലും ഭൂഷണെതിരെ ഇനിയും കേസെടുത്തിട്ടില്ല.

 
                                            