ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല ; മന്ത്രിയെ ന്യായികരിച്ച് മുഖ്യമന്ത്രി;പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം ഉറപ്പാക്കുംമെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍സിപി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം അനാവശ്യ ന്യായീകരണമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പരാതി പിന്‍വലിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

അതിനിടെ മന്ത്രി ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കുണ്ടറയിലെ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതെന്ന് വ്യക്തമാക്കിയ അവര്‍ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിക്കെതിരായ പരാതിയില്‍ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *