വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം, തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പി സി ജോർജ് മുൻ എം എൽ എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തേ പി സി ജോർജിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്. പിസി ജോർജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. തൊട്ടുപിന്നാലെ അറസ്റ്റിലായ അദ്ദേഹത്തെ തലസ്ഥാനത്തെത്തിച്ച് ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *